Monday, November 25, 2024

കുനോ ദേശീയ ഉദ്യാനത്തിൽ ഒരു ചീറ്റ കൂടി ചത്തു

ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച ഒരു ചീറ്റ കൂടി ചത്തു. ഉദയ് എന്നു പേരിട്ടിരുന്ന ചീറ്റയാണ് പതിവ് പരിശോധനക്കിടെ ചത്തതായി കണ്ടെത്തിയത്. നേരത്തെ സാഷ എന്ന ചീറ്റയും ചത്തിരുന്നു.

കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 20 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചത്. നീണ്ട 70 വർഷമായി ഇന്ത്യയിൽ ചീറ്റകൾ ഇല്ലായിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. പതിവ് പരിശോധനക്കായി രാവിലെ എത്തിയ ഉദ്യോഗസ്ഥര്‍ ആറു വയസുകാരനായ ഉദയ്‍യെ ക്ഷീണിതനായി കണ്ടെത്തുകയായിരുന്നു. പിന്നാലെ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും വൈകിട്ടോടെ ചീറ്റയുടെ ജീവൻ നഷ്ടമാകുകയായിരുന്നു എന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പിസിസിഎഫ്) വൈൽഡ്ലൈഫ് ജെ എസ് ചൗഹാൻ വ്യക്തമാക്കി.

അതേസമയം, പോസ്റ്റുമോർട്ടത്തിനു ശേഷമേ ചീറ്റയുടെ മരണകാരണം വ്യക്തമാകൂ. ഉദയയുടെ ജീവന്‍ നഷ്ടമായതോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിച്ച 20 ചീറ്റകളില‍ രണ്ടെണ്ണമാണ് ചത്തത്. മാർച്ച് 27 നാണ് സാഷ എന്ന ചീറ്റ ചത്തത്. പരിശോധനയില്‍ സാഷക്ക് വൃക്ക സംബന്ധമായ രോഗം ആയിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഇനി 18 ചീറ്റകളാണ് നമീബയില്‍ നിന്നും എത്തിച്ചതില്‍ അവശേഷിക്കുന്നത്. അതിനിടെ, സിയായ എന്ന ചീറ്റ മാർച്ച് അവസാനം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

Latest News