പശ്ചിമ ബംഗാൾ ഗവർണറായി സി.വി. ആനന്ദബോസിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി രാഷ്‌ട്രപതിഭവൻ. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോട്ടയം സ്വദേശിയുമാണ് ഇദ്ദേഹം. കേരളത്തിൽ നിന്നുമുള്ള ഇരുപതാമത്തെ ഗവർണറാണ് ആനന്ദബോസ്.
കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയായ ഇദ്ദേഹം മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നു. ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങിയ വിവിധ മന്ത്രാലങ്ങളിലും ചീഫ് സെക്രട്ടറിയായും ആനന്ദബോസ് പ്രവർത്തിച്ചിട്ടുണ്ട്.1977- ലെ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
നരേന്ദ്രമോദി ഭരണകാലത്ത് ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. നിർമ്മിതികേന്ദ്രം ഡയറക്‌ടറായിരിക്കെ ചെലവു കുറഞ്ഞ പാർപ്പിടനിർമ്മാണ സമ്പ്രദായം നടപ്പാക്കിയത് ആനന്ദബോസ് മാതൃകയെന്ന പേരിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയിരുന്നു.