കെനിയയിൽ ഒരാഴ്ചയ്ക്കിടെ മറ്റൊരു വൈദികൻകൂടി കൊല്ലപ്പെട്ടു. ഫാ. അലോയ്‌സ് ചെറൂയോട്ട് ബെറ്റ് ആണ് കൊല്ലപ്പെട്ടത്. മെയ് 22 നായിരുന്നു സംഭവം. അക്രമം മൂലം ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ. അലോയ്‌സ്.
വത്തിക്കാൻ ഏജൻസിയായ ഫീദെസിന്റെ റിപ്പോർട്ട് പ്രകാരം, കെനിയയുടെ ഉയർന്ന പടിഞ്ഞാറൻ പ്രദേശങ്ങളിലെ എൽഗെയോ മറാക്വെറ്റ് കൗണ്ടിയുടെ ഭാഗമായ കെറിയോ താഴ്‌വരയിലെ ടോട്ട് പ്രദേശത്താണ് കൊലപാതകം നടന്നത്. കാക്ബികെൻ ഗ്രാമത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ ദിവ്യബലി അർപ്പിച്ചതിനുശേഷം തിരികെപ്പോകുന്നതിനിടെയായിരുന്നു ആക്രമണം. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ആയുധധാരികളായ ഒരുസംഘം ആളുകൾ ഫാ. അലോയ്‌സിനുനേരെ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയാണ് അദ്ദേഹം മരണപ്പെട്ടത്.
പ്രദേശത്തെ ഒരു സുരക്ഷാ ഓപ്പറേഷനിൽ രഹസ്യവിവരം വിവരം നൽകുന്നയാളാണ് ഫാ. അലോയ്‌സ് എന്നു കരുതിയാണ് അക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക സ്രോതസ്സുകൾ വെളിപ്പെടുത്തുന്നു. എൽഡോറെറ്റ് രൂപത വൈദികന്റെ മരണത്തിൽ വേദന അറിയിച്ചു. കൊലപാതകത്തിൽ പ്രതികളായ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നാഷണൽ പൊലീസ് സർവീസ് റിപ്പോർട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.