ജമ്മുകാശ്മീരിലെ രജൗരിയില്‍ വീണ്ടും ഭീകരാക്രമണം. ധാംഗ്രി ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണത്തില്‍ ഒരു കുട്ടി മരിച്ചതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകള്‍. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
24 മണിക്കൂറിനിടയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ആക്രമണമാണ് ധാംഗ്രിയിലേത്. പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരര്‍ വീടുകളില്‍ എത്തി ആധാർ കാർഡ് മുഖേന ഐഡന്റിറ്റി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് വെടിയുതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് തുടര്‍ച്ചെയെന്നോണമാണ് വീണ്ടും ആക്രമണം എന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം പ്രദേശത്ത് സുരക്ഷാ സേന നടത്തിയ പരിശോധനയിൽ ഐഇഡി കണ്ടെത്തി. കൂടാതെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തേയ്ക്ക് കൂടുതൽ സൈനികരെ വിന്യസിച്ചതായും തുടര്‍ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഡ്രോൺ, സ്‌നിഫർ ഡോഗ് എന്നിവയെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയതായും സേനാവൃത്തങ്ങള്‍ അറിയിച്ചു.