Monday, November 25, 2024

കശ്മീര്‍ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെന്ററി, ‘ആന്തം ഫോര്‍ കാശ്മീര്‍’ ചര്‍ച്ചയാകുന്നു

കശ്മീര്‍ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെന്ററി ‘ആന്തം ഫോര്‍ കാശ്മീര്‍'(Anthem For Kashmir) സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനും രാഷ്ട്രീയ വിമര്‍ശകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ സംവിധായകന്‍ മലയാളിയായ സന്ദീപ് രവീന്ദ്രനാഥാണ്.

പ്രത്യേക അവകാശം പിന്‍വലിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുള്ള കശ്മീര്‍ ജനതയുടെ ജീവിതത്തിലേക്കാണ് സന്ദീപ് രവീന്ദ്രനാഥിന്റെ ഡോക്യുമെന്ററി വിരല്‍ ചൂണ്ടുന്നത്. ആയിരത്തോളം ദിവസങ്ങള്‍ ഒരു ജനതയെ തടവിലടച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരായ ചലച്ചിത്ര മുദ്രാവാക്യമായി മാറുകയാണ് ‘ആന്തം ഫോര്‍ കശ്മീര്‍.

രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് സന്ദീപ് രവീന്ദ്രനാഥ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കശ്മീരില്‍ അഫ്‌സ്പ നിയമം നിലനില്‍ക്കെയും കൊവിഡ് പ്രതിസന്ധിയിലും ശ്രമകരമായിരുന്നു ഡോക്യുമെന്ററി ഷൂട്ട്.

തങ്ങളുടെ ശബ്ദം പുറത്തെത്തണമെന്ന കശ്മീരി ജനതയുടെ ആഗ്രഹ സാഫല്യമാണ് ചിത്രം പുറത്തെത്തിച്ചത് എന്നാണ് സംവിധായകന്‍ സന്ദീപിന്റെ അനുഭവ സാക്ഷ്യം. കശ്മീര്‍ ഫയല്‍സ് സിനിമ നിര്‍മിച്ചെടുക്കുന്ന പ്രോപ്പാഗാണ്ട തകര്‍ത്ത് യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുന്ന ചിത്രത്തില്‍ ഹനന്‍ ബാബയും നിലോഫര്‍ ഷെയ്ഖുമാണ് അഭിനയിച്ചിട്ടുള്ളത്.

സെയ്ദ് അലിയും അബി അബ്ബാസും എഴുതിയ വരികള്‍ക്ക് സംവിധായകന്‍ സന്ദീപ് രവീന്ദ്രനാഥും സുദീപ് ഘോഷുമാണ് ഈണം നല്‍കിയിട്ടുള്ളത്. രാകേഷ് ചെറുമാടമാണ് ചിത്രത്തിന്റെ എഡിറ്റര്‍.

 

Latest News