ന്യൂഡല്‍ഹി: യുഎന്‍ മനുഷ്യാവകാശ സമിതിയുടെ സമ്മേളനത്തോടനുബന്ധിച്ചു ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് അംബാസിഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതായാണ് വിവരം. ജനീവയിലെ യുഎന്‍ കെട്ടിടത്തിനു പുറത്തുള്ള ചത്വരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസമാണ് ചത്വരത്തില്‍ പതിച്ചതായി കണ്ടെത്തിയത്. ന്യൂനപക്ഷങ്ങളെയും സ്ത്രീകളേയും പീഡിപ്പിക്കുന്നതായി ആരോപിക്കുന്ന പോസ്റ്ററുകളായിരുന്നു ഇതില്‍ ഏറെയും. മനുഷ്യാവകാശ സമിതിയുടെ സമ്മേളനത്തിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങള്‍ പതിച്ചത് രാജ്യത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് സ്വിസ് അംബാസഡർ റാൾഫ് ഹെക്നറെ വിളിച്ചു വരുത്തി കേന്ദ്രം പ്രതിഷേധം അറിയിച്ചത്.
പിന്നാലെ, ഇന്ത്യയുടെ ആശങ്ക അതേ ഗൗരവത്തോടെ സര്‍ക്കാരിനെ അറിയിച്ചതായി സ്വിറ്റ്സര്‍ലന്‍ഡ് അംബാസിഡര്‍ പ്രസ്താവനയില്‍ അറിയിച്ചു. മുന്‍പും സമിതിയുടെ സമ്മേളനങ്ങളില്‍ സമാനമായ പോസ്റ്ററുകള്‍ പതിച്ചിരുന്നതായും ആക്ഷേപമുണ്ട്.