ഇസ്രയേൽവിരുദ്ധത നിറഞ്ഞ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അല്‍ ജസീറയ്ക്കെതിരെ അമേരിക്ക രംഗത്ത്. ഹമാസിനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് കുറയ്ക്കണമെന്നും ചാനലിന് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കണമെന്നും ഖത്തറിനോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തർ രാജകുടുംബത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ ജസീറ. ഒക്ടോബര്‍ ഏഴിന് ഹമാസ് ആരംഭിച്ച ഏറ്റുമുട്ടലിനു പിന്നാലെയുണ്ടായ ഇസ്രയേല്‍ പ്രത്യാക്രമണവാര്‍ത്തകള്‍ ഭീകരമായ രീതിയിലാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്. ഇത്തരത്തില്‍ ഇസ്രയേല്‍വിരുദ്ധത നിറഞ്ഞ വാര്‍ത്തകള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കുകയും ചെയ്യുമോയെന്നതാണ് തങ്ങളുടെ ആശങ്കയെന്ന് അമേരിക്ക വ്യക്തമാക്കി. ബ്ലിങ്കൻ, ഇക്കാര്യം ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽ താനിയെ അറിയിച്ചതായി ആക്സിയോസ് എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലെ ജൂതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ്, ഖത്തറിനോടു നടത്തിയ അഭ്യർഥനയെക്കുറിച്ച് ബ്ലിങ്കന്‍ വെളിപ്പെടുത്തിയത്. എന്നാല്‍, വിഷയത്തിൽ അൽ ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. അൽ ജസീറയെക്കുറിച്ചുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ആശങ്ക അറബ് ലോകത്തെ പൊതുജനാഭിപ്രായത്തിൽ അതിന്റെ കവറേജ് ചെലുത്തുന്ന ഉയർന്ന സ്വാധീനത്തിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.