Sunday, November 24, 2024

റാഫാ ആക്രമണം; മെക്‌സിക്കോയിലെ ഇസ്രായേല്‍ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍

മെക്‌സിക്കോയിലെ ഇസ്രായേല്‍ എംബസിയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍. റാഫ ആക്രമണത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എംബസിക്ക് നേരെ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ കുപ്പി ബോംബുകള്‍ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാര്‍ പോലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അക്രമ സംഭവങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ നിലപാടിനെതിരായി മെക്‌സിക്കോ ചൊവ്വാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ നിരത്തുകളിലേക്ക് എത്തിയത്. റാഫയിലെ അഭയാര്‍ത്ഥി ക്യാപിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ആഗോളതലത്തില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ സജീവമാവുകയാണ്.

ഇസ്താംബൂളിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് വെളിയില്‍ തിങ്കളാഴ്ച പ്രതിഷേധമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് റാഫയിലെ അഭയാര്‍ത്ഥി ക്യാംപിലേക്ക് ഇസ്രായേല്‍ ബോംബിട്ടത്. അന്‍പതിലേറെ പേരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഏറിയ പങ്കും സ്ത്രീകളും വയോധികരുമാണെന്നാണ് പുറത്ത് വരുന്ന വിവരം. റാഫയിലെ അഭയാര്‍ത്ഥി ക്യാംപ് ആക്രമണത്തിനെതിരെ ഫ്രാന്‍സും സ്‌പെയിനും അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

 

Latest News