ശ്രീലങ്കൻ വോട്ടെടുപ്പിൽ ഇടതുപക്ഷനേതാവ് അനുര കുമാര ദിസനായകെ വിജയിച്ചു. നിരവധി പ്രതിസന്ധികൾക്കിടയിൽ ശ്രീലങ്കൻ ജനത സെപ്റ്റംബർ 21 ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. എതിരാളിയായ സജിത് പ്രേമദാസയെക്കാൾ 1.3 ദശലക്ഷം വോട്ടുകൾ കൂടുതൽ നേടിയാണ് പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് നേതാവായ അനുര കുമാര വിജയിച്ചത്.
ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം വോട്ടെണ്ണൽ പൂർത്തിയാക്കിയതിനുശേഷം ശ്രീ. ദിസനായക്കയെ പ്രസിഡന്റായി തെരഞ്ഞെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാനാർഥി വിജയിക്കുന്നതിനാവശ്യമായ 50% വോട്ട് ആദ്യ റൗണ്ടിൽത്തന്നെ നേടുന്നത്.
“നൂറ്റാണ്ടുകളായി ഞങ്ങൾ വളർത്തിയെടുത്ത സ്വപ്നം ഒടുവിൽ യാഥാർഥ്യമാകുകയാണ്. ഈ വിജയം നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. പ്രതീക്ഷ നിറഞ്ഞ ദശലക്ഷക്കണക്കിന് കണ്ണുകൾ ഞങ്ങളെ മുന്നോട്ടുനയിക്കുന്നു; ഒപ്പം ശ്രീലങ്കൻചരിത്രം തിരുത്തിയെഴുതാൻ ഞങ്ങൾ തയ്യാറാണ്” – പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഒരു പ്രസ്താവനയിൽ 55-കാരനായ ദിസനായകെ പറഞ്ഞു.
ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ശ്രീലങ്കയിലെ യോഗ്യരായ 17.1 ദശലക്ഷം വോട്ടർമാരിൽ 76% പേരും വോട്ട് രേഖപ്പെടുത്തി.