നേപ്പാളിലെ അന്നപൂർണ്ണ കൊടുമുടിയില്‍ കാണാതായ ഇന്ത്യൻ പർവ്വതാരോഹകൻ അനുരാഗ് മാലുവിനെ ജീവനോടെ കണ്ടെത്തി. രാജസ്ഥാനിലെ കിഷൻഗഡ് സ്വദേശിയായ അനുരാഗ്, കൊടുമുടി കീഴടക്കി മടങ്ങുന്നതിനിടെ കാണാതാവുകയായിരുന്നു. അനുരാഗിനെ ജീവനോടെ കണ്ടെത്തിയതായ വാർത്ത , പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 പർവതങ്ങളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു. വിജയകരമായി പര്‍വ്വതം കീഴടക്കിയ മാലു മൂന്നാം ക്യാമ്പില്‍ നിന്നും മടങ്ങുമ്പോള്‍ 6000അടി ഉയരത്തില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. 34 കാരനായ അനുരാഗിനു വേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചെങ്കിലും മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
അതേസമയം, വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നൽകുന്നതെന്ന് അനുരാഗിന്‍റെ സഹോദരന്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം അമ ദബ്ലാം കൊടുമുടി കീഴടക്കിയ മാലുവിന് കരംവീർ ചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.