Thursday, May 15, 2025

നിയുക്ത പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് കുവൈറ്റിൽ ഉജ്ജ്വലസ്വീകരണം

കുവൈറ്റിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ചാണ്ടി ഉമ്മന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉജ്ജ്വലസ്വീകരണം മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ കുടുംബത്തിന് നൽകിയ ആശീർവാദത്തിനും അനുഗ്രഹത്തിനും കഴിഞ്ഞകാലങ്ങളിൽ തന്റെ കുടുംബത്തിനു നൽകിയ പിന്തുണയ്ക്കും നന്ദിപറഞ്ഞുകൊണ്ട് ചാണ്ടി ഉമ്മൻ. പുതുപ്പള്ളി എം.എൽ.എ ആയി സ്ഥാനമേറ്റതിനുശേഷം കുവൈറ്റിൽ ഹ്രസ്വസന്ദർശനാർഥമെത്തിയ, അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യശശരീരനായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പ്രിയപുത്രൻ ചാണ്ടി ഉമ്മന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണം നൽകി. കേരള നിയമസഭാസാമാജികനായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ശ്രീ. ചാണ്ടി ഉമ്മൻ ഒരു വിദേശരാജ്യം സന്ദർശിക്കുന്നത്.

കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡൻറ് ശ്രീ. ആന്റോ മാത്യു കുമ്പിളിമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശ്രീ. മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി സ്വാഗതം ആശംസിച്ചു. സഭയ്ക്കും സമൂഹത്തിനും ശ്രീ. ഉമ്മൻ ചാണ്ടി നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ മരണശേഷം കേരളജനതയ്ക്കു മുൻപിൽ കത്തിജ്വലിക്കുന്ന ഒരു പ്രകാശഗോപുരമായി അദ്ദേഹം തന്റെ പിൽക്കാല ജനോന്മുഖമായ പ്രവർത്തനങ്ങളിലൂടെ മാറുകയായിരുന്നു എന്നും മാത്യു ജോസ് തന്റെ സ്വാഗതപ്രസംഗത്തിൽ പ്രത്യേകം പ്രസ്താവിക്കുകയുണ്ടായി.

ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാരവേളയിൽ കത്തോലിക്കാ സഭയിലെ സീറോമലബാർ സഭയും സീറോ മലങ്കര സഭയും ലത്തീൻ സഭയും നൽകിയ സ്നേഹാദരവുകളും അദ്ദേഹത്തിന്റെ സന്ദർശനത്തിയ, പ്രാർഥനാശുശ്രൂഷകൾ നടത്തിയ അഭിവന്ദ്യ പിതാക്കന്മാരോടും തന്റെ പിതാവിന്റെ കല്ലറയിലെത്തി പ്രാർഥിച്ച എല്ലാവരോടും തന്റെ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നതായി ശ്രീ. ചാണ്ടി ഉമ്മൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു.

നിങ്ങളോരോരുത്തരും നൽകിയ സ്നേഹവും കരുതലും പിന്തുണയുമാണ് ഈ ദുഃഖത്തിൽ തങ്ങളുടെ കുടുംബത്തെ പിടിച്ചുനിർത്തിയത് എന്ന് അദ്ദേഹം പറയുകയും എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

ഒരു എം.എൽ.എ ആയി ആദ്യമായി ഒരു വിദേശരാജ്യത്തെത്തിയ തനിക്ക് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സ് നൽകിയ സ്വീകരണത്തിന്, സ്നേഹത്തിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. അതുപോലെ നിങ്ങളുടെ പ്രശ്നങ്ങളിൽ നിങ്ങളോടൊപ്പം അപ്പ ഉണ്ടായിരുന്നതുപോലെ ഒരു സഹോദരനായി, മകനായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് നൽകിയ സ്നേഹാദരവുകളെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. താൻ കുവൈറ്റിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടിയിരുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

ശ്രീ. ആൻ്റോ കെ. മാത്യു കുമ്പിളിമൂട്ടിൽ, ശ്രീ. മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, സുനിൽ പി.സി എന്നിവർ ചേർന്ന് പൊന്നാടയണീച്ച് ശ്രീ. ചാണ്ടി ഉമ്മനെ ചടങ്ങിൽ ആദരിച്ചു. സ്വീകരണപരിപാടികൾക്ക് ജനറൽ കോഡിനേറ്റർ ശ്രീ. ബെന്നി പുത്തൻ, അജു തോമസ് കുറ്റിക്കൽ, ജിംസൺ മാത്യു, ബിനോയ് വർഗീസ് കുറ്റിപ്പുറത്ത്, റോയ് ചെറിയാൻ കുട്ടനാട്, ഷാജി എന്നിവർ നേതൃത്വം നൽകി.

Latest News