Tuesday, November 26, 2024

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം: സമിതിയെ രൂപികരിക്കണമെന്ന് സുപ്രീം കോടതി

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പട്ട് നിര്‍ണ്ണായക വിധിയുമായി സുപ്രീം കോടതി. കമ്മീഷണര്‍മാരുടെ നിയമനത്തിന് ഒരു സമിതിയെ നിയമിച്ചുകൊണ്ട് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമനത്തില്‍ പരിഷ്കരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി.

കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെടുന്ന നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവര്‍ ഉണ്ടായിരിക്കണം. ഇവര്‍ നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍മാരെ നിയമിക്കണം. – കോടതി പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നത് വരെ ഈ സ്ഥിതി തുടരാനും കോടതി ഉത്തരവായി.

തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സർക്കാർ തിരഞ്ഞെടുക്കുന്ന സംവിധാനം തുടരണമെന്ന കേന്ദ്ര സർക്കാർ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും നിര്‍ണ്ണായക വിധിയെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. വിധിയുടെ പകര്‍പ്പ് ലഭിച്ചതിനു ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണ്‍ ഗോയലിന്‍റെ നിയമനത്തെ സംബന്ധിച്ചും കോടതി പരാമര്‍ശിച്ചിരുന്നു.

Latest News