ആശ്രിതനിയമനങ്ങള്‍ ഒരാളുടെ അവകാശമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. അവകാശമല്ല, ആശ്രിതനിയമനങ്ങള്‍ പലപ്പോഴും ആനുകൂല്യമായി നല്‍കുന്നതാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
കുടുംബത്തിലെ ഏക വരുമാന മാര്‍ഗം ആയിരുന്നയാള് അകാലത്തില്‍ മരിച്ചു പോകുമ്പോള്‍ ആശ്രിതര്‍ക്കു ജോലി നല്‍കുന്നത് അവര്‍ക്കു പ്രതിസന്ധികളെ മറികടക്കാനായി ചെയ്യുന്ന ഒരു അടിയന്തര പരിഹാരം എന്ന നിലയ്ക്കാണെന്നും കോടതി വ്യക്തമാക്കി.
എഫ്എസിടിയില്‍ ആശ്രിത നിയമനം തേടിയ വനിതയുടെ അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി തള്ളി.
ജസ്റ്റീസുമാരായ എം.ആര് ഷാ, കൃഷ്ണ മുരാരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. എഫ്എസിടിയില്‍ ജോലിയിലിരിക്കെ 1995ലാണ് പെണ്‍കുട്ടിയുടെ പിതാവ് മരിക്കുന്നത്. മരണസമയത്ത് ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നതു കൊണ്ട് ആശ്രിത നിയമനത്തിന്റെ കാര്യം പരിഗണനയില്‍ വന്നിരുന്നില്ല.
എന്നാല്‍, മരണശേഷം 24 വര്‍ഷം കഴിഞ്ഞ് പെണ്‍കുട്ടി പിതാവിന്റെ ജോലി തനിക്ക് ലഭിക്കണം എന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ഈ കേസിലാണ് ആശ്രിത നിയമനം അവകാശമല്ലെന്നും ആനൂകൂല്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.