ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്ര കാബിനറ്റിന്‍റെ അംഗീകാരം. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. ബില്ലിന്‍റെ കരടിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര കാബിനറ്റാണ് അംഗീകാരം നല്‍കിയത്.
2022 നവംബറിലാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട്‍ നിരവധി റൗണ്ട് പബ്ലിക് കൺസൾട്ടേഷനുകളിലൂടെ കടന്നുപോയി. തുടർന്നാണ് ബില്ലിന്റെ രണ്ടാമത്തെ കരട് തയ്യാറാക്കിയത്. ജൂലൈയിൽ നടക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുമെന്ന് ഈ വർഷം ഏപ്രിലിൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഒരു വ്യക്തി സമ്മതം നൽകിയാൽ മാത്രമേ ഈ ബില്ലിന് കീഴിൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ. പക്ഷേ, ദേശീയ സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാരിന് ഡാറ്റ ആവശ്യമാണ്. അതേസമയം, നിയമത്തിലെ വ്യവസ്ഥകൾ നിരീക്ഷിക്കാൻ ഒരു ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് രൂപീകരിക്കാൻ വ്യവസ്ഥയുണ്ട്. ബില്ലിലെ വ്യവസ്ഥകൾക്ക് കീഴിൽ ശേഖരിക്കുന്നവർ അത് സുരക്ഷിതമായും ഉപയോഗത്തിന് ശേഷം ഡാറ്റ ഇല്ലാതാക്കുകയും വേണം.