Monday, November 25, 2024

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി അറബ് രാജ്യങ്ങള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി അറബ് രാജ്യങ്ങള്‍. ഈജിപ്തും ജോര്‍ദാനുമടക്കമുള്ള രാജ്യങ്ങളാണ് വെടിനിര്‍ത്തലിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു.

ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുകയും 1400-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. 240 സാധാരണക്കാരായ ഇസ്രയേല്‍- വിദേശപൗരന്മാരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇസ്രയേല്‍ സൈേന്യം കര-വ്യോമ- കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഹമാസിനെതിരെ ശക്തമായ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി അറബ് രാജ്യങ്ങള്‍ യുഎസിനെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ഉടന്‍ഉണ്ടാകില്ലെന്ന് നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. അതേസമയം, യുദ്ധത്തെ എങ്ങനെ നേരിടണമെന്ന് യുഎന്നും ലോകശക്തികളും ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല.

Latest News