ഇറ്റലിയിലെ അക്വിലിയയിൽ 1500 വർഷം പഴക്കമുള്ള ബസിലിക്കയുടെ ഭാഗങ്ങൾ കണ്ടെത്തി. റോമൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമന്റെ ഭരണകാലത്തുണ്ടായിരുന്ന ഈ ക്രിസ്ത്യൻ ബസിലിക്കയുടെ കണ്ടെത്തൽ അക്വിലിയയിലെ പുരാവസ്തുഗവേഷണത്തിന് ഒരു നാഴികക്കല്ലാണ്. ഓസ്ട്രിയൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ (ÖAW) ഗവേഷകരാണ് ബസിലിക്ക കണ്ടെത്തിയത്.
ബൈസന്റൈൻ കാലഘട്ടത്തിലെ അക്വിലിയയുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ കണ്ടെത്തൽ. പുതുതായി കണ്ടെത്തിയ ബസിലിക്ക, ഈജിപ്ത്, തുർക്കി, ബാൽക്കൻ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ബൈസന്റൈൻ വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. ഗവേഷണത്തിനു നേതൃത്വം നൽകിയ പുരാവസ്തുഗവേഷകനായ സ്റ്റെഫാൻ ഗ്രോ, ഈ ബസലിക്കയുടെ വാസ്തുവിദ്യാശൈലി അതിനെ കിഴക്കൻ റോമൻ സാമ്രാജ്യവുമായി ബന്ധിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി.
ചരിത്രത്തിൽ അക്വിലിയയുടെ പങ്ക്
ബി. സി. 181 ൽ റോമൻ സൈനിക കോളനിയായി സ്ഥാപിതമായ അക്വിലിയ, വാണിജ്യത്തിന്റെയും വിശ്വാസത്തിന്റെയും വളർച്ചയിൽ ഒരു പ്രധാന വഴിത്തിരിവായിരുന്നു. 1998 ൽ യുനെസ്കോ അക്വിലിയയെ ആഗോള പൈതൃകസ്ഥലമായി അംഗീകരിച്ചു. അക്വിലിയയുടെ ചരിത്രപരമായ പൈതൃകത്തെ ആദരിച്ചു.
ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കീഴിൽ, അക്വിലിയ ഒരു കോട്ടയുള്ള നഗരമെന്ന നിലയിൽ കൂടുതൽ പ്രാധാന്യം നേടി. ജസ്റ്റീനിയൻ ചക്രവർത്തി തന്റെ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനായി അതിശക്തമായ സിഗ്സാഗ് മതിൽ നിർമിച്ചു. ഈ ബസിലിക്ക ഒരു ആരാധനാലയമായി മാത്രമല്ല, കത്തോലിക്കാ വിശ്വാസത്തിന്റെ നവീകരണത്തിന്റെ ഭാഗമായും വർത്തിച്ചിരുന്നതായി ചരിത്രറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.