Wednesday, April 2, 2025

അർമേനിയയിലെ ആദ്യകാല ക്രിസ്ത്യൻ പള്ളി കണ്ടെത്തി പുരാവസ്തു ഗവേഷകർ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ പള്ളികളിലൊന്ന് പുരാവസ്തു ഗവേഷകർ അടുത്തിടെ അർമേനിയയിൽ കണ്ടെത്തി. അർമേനിയയിലെ ക്രിസ്തുമതത്തിൻ്റെ ആദ്യകാല ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ. അർമേനിയയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയുടേതെന്നു കരുതുന്ന അവശേഷിപ്പുകൾ നാലാം നൂറ്റാണ്ടിലേതാണ് എന്നാണു കണക്കാക്കപ്പെടുന്നത്.

അരരാത്ത് സമതലത്തിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ അർതാക്‌സാറ്റയിലെ ഖനനത്തിനിടെയാണ് നിർണ്ണായകമായ ഈ കണ്ടെത്തൽ നടന്നത്. ജർമ്മനിയിലെ മ്യൂൺസ്റ്റർ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ, നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് അർമേനിയയുമായി സഹകരിച്ച് 2018 മുതൽ ഈ സ്ഥലത്ത് ഗവേഷണങ്ങൾ നടത്തിവരുന്നു. വർഷങ്ങളായി ഈ പ്രദേശത്ത് ഗവേഷണങ്ങൾ തുടരുന്നുണ്ട് എങ്കിലും ഈ സുപ്രധാന ക്രിസ്ത്യൻ ഘടനയുടെ അവശേഷിപ്പുകൾ കണ്ടെത്തിയത് അടുത്തിടെയാണ് എന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 100 അടി വ്യാസമുള്ള ഈ കെട്ടിടത്തിന് മോർട്ടാർ, ടെറ കോട്ട ടൈലുകൾ എന്നിവ ഉണ്ടായിരുന്നു. ഇത് വളരെ ശ്രദ്ധയോടെയും കരകൗശലത്തോടെയും നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്നു. മെഡിറ്ററേനിയനിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിൾ ശകലങ്ങൾ ഈ ആദ്യകാല ദേവാലയം ആഡംബരപൂർവ്വം അലങ്കരിക്കപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നു.

ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യത്തെ സ്ഥലമെന്ന നിലയിൽ ക്രിസ്ത്യൻ ചരിത്രത്തിൽ അർമേനിയയ്ക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ചരിത്രം വെളിപ്പെടുത്തുന്നതനുസരിച്ച് ഗ്രിഗറി ദി ഇല്യൂമിനേറ്റർ 301-ൽ ടിറിഡേറ്റ്സ് മൂന്നാമൻ രാജാവിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. അതുവഴി അർമേനിയയെ ആദ്യത്തെ ക്രിസ്ത്യൻ രാഷ്ട്രമാക്കി മാറ്റി. ഒരിക്കൽ അർമേനിയ രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന അർതാക്‌സാറ്റയിലെ ഈ കണ്ടെത്തൽ, പ്രദേശം ക്രിസ്‌ത്യാനിത്വത്തെ നേരത്തെ സ്വീകരിച്ചതും ക്രിസ്‌തീയ ആരാധനയുടെ വികസനത്തിൽ അതിൻ്റെ പങ്കും സ്ഥിരീകരിക്കുന്നു.

Latest News