Monday, November 25, 2024

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നവരാണോ നിങ്ങൾ? എട്ടിന്റെ പണി വരുന്നു

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നത് തടയാന്‍ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സിനിമ ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയാവഴി പ്രചരിക്കുന്നത് നിരീക്ഷക്കാന്‍ നോഡൽ ഓഫീസർമാരെ സർക്കാർ നിയോഗിച്ചു. കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാറ്റോഗ്രാഫ് ഭേദഗതി ബിൽ 2023ന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയനീക്കം. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് പൈറസി പ്രശ്‌നത്തെതുടര്‍ന്നു സിനിമ വ്യവസായത്തിനുണ്ടാകുന്നത്. എന്നാല്‍, നോഡൽ ഓഫീസർമാരെ കേന്ദ്രം നിയോഗിച്ച സാഹചര്യത്തില്‍ സിനിമ മേഖലയെ വലയ്ക്കുന്ന പൈറസി പ്രശ്‌നം തടയാനാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്സി) 12 നോഡൽ ഓഫീസർമാരെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. ഇതോടെ സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ നോഡൽ ഓഫീസർമാർക്ക് നേരിട്ട് സമർപ്പിക്കാൻ സാധിക്കും. ഇത്തരം പരാതികളിൽ 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാനും കേന്ദ്രത്തിന്‍റെ നിര്‍ദേശമുണ്ട്.

Latest News