Sunday, November 24, 2024

നീ വെറും ‘പ്രോപ്പര്‍ട്ടി’യോ?

ഈ ദിവസങ്ങളില്‍ ഏതോ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയോ, കോളേജിലെയോ വിദ്യാര്‍ഥീ-വിദ്യാര്‍ഥിനികളുടെ ഒരു വീഡിയോ ക്ലിപ്പ് വാട്‌സാപ്പില്‍ കാണാനിടയായി. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നു തോന്നുന്നു. സംഗതി ഇതാണ്: തങ്ങളുടെ യൂണിഫോമില്‍ ‘മൈ പ്രോപ്പര്‍ട്ടി’ എന്ന് പേന ഉപയോഗിച്ച് ആണ്‍കുട്ടികള്‍ എഴുതുന്നത് അനുവദിച്ചും ആസ്വദിച്ചും നില്‍ക്കുന്ന പെണ്‍കുട്ടികള്‍!

‘പിള്ളേരുകളി’, ‘ന്യൂജെന്‍ സ്‌റ്റൈല്‍’ എന്നൊക്കെ നമ്മില്‍ ചിലരെങ്കിലും അതിനെ ഓമനപ്പേരിട്ടു വിളിച്ചിട്ടുണ്ടാകാം. അതുതന്നെയാണ് നമ്മുടെ പരാജയവും. സത്യത്തില്‍, എനിക്ക് ആ ചെറുപ്പക്കാരെ വിളിക്കാന്‍ തോന്നിയത് ‘വകതിരിവ് ഇല്ലാത്തവര്‍’ എന്നാണ്.

വിദ്യാഭ്യാസവും വകതിരിവും

വിവേകമില്ലാത്ത ഇത്തരം രീതികള്‍ നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും വളര്‍ന്നുവരുന്നത് ഖേദകരമാണ്. ‘ഞാന്‍ നിന്റെ പ്രോപ്പര്‍ട്ടി അല്ല’ എന്നുപറയാനുള്ള തന്റേടം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെപോകുന്നതു കഷ്ടമാണ്. ‘വകതിരിവില്ലാത്ത സുന്ദരി, പന്നിയുടെ സ്വര്‍ണമൂക്കുത്തിക്കു തുല്യയാണ്’ എന്ന ബൈബിള്‍ വചനം (സുഭാ. 11,22) നന്നായി ധ്യാനിക്കേണ്ടിയിരിക്കുന്നു. ഒരു ആണ്‍കുട്ടിയുടെയും പ്രോപ്പര്‍ട്ടിയല്ല ഒരു പെണ്‍കുട്ടിയും; മറിച്ചും അങ്ങനെതന്നെ. ഭാര്യ ഭര്‍ത്താവിന്റെ വസ്തുവക അല്ല; ഭര്‍ത്താവ് ഭാര്യയുടെയും. മക്കള്‍ മാതാപിതാക്കളുടെ പ്രോപ്പര്‍ട്ടി അല്ല; മാതാപിതാക്കള്‍ മക്കളുടെയും.

വ്യക്തികളെ വസ്തുക്കളായിക്കാണുന്ന പ്രവണത അവസാനിക്കുന്നിടത്തേ യഥാര്‍ഥ സ്വാതന്ത്ര്യം ആരംഭിക്കുന്നുള്ളൂ. അവിടെയേ വിദ്യാഭ്യാസം ഫലപ്രദമാകുന്നുള്ളൂ. ആരെയും ഇരയാക്കാതെയും ഒരാളുടെയും ഇരയാകാതെയും ജീവിക്കാനുള്ള ആര്‍ജവമാണ് യഥാര്‍ഥ വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടേണ്ടത്. സ്വത്വബോധം ഉണര്‍ത്താത്ത വിദ്യാഭ്യാസം ചിന്തിക്കാന്‍ കഴിവില്ലാത്ത, വെറും വസ്തുവകകളായി മാറുന്ന, തലമുറകളെ വാര്‍ത്തെടുക്കും.

വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍

ഇന്നാകട്ടെ, സ്‌കൂളുകളിലും കോളേജുകളിലും വ്യക്തികളെ വസ്തുക്കളായി തരംതാഴ്ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയാണ് ചില മനുഷ്യക്കഴുകന്മാര്‍. മയക്കുമരുന്നുകളുടെ പ്രളയം കുട്ടികളെയും ചെറുപ്പക്കാരെയും സ്വയാവബോധമില്ലാത്തവരാക്കി മാറ്റിയിരിക്കുന്നു. മറൈന്‍ ഡ്രൈവില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചിലര്‍ സംഘടിപ്പിച്ച ചുംബനസമരവും നമ്മുടെ കോളേജുകളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്ന വഷളത്തരങ്ങളും സത്യത്തില്‍, പെണ്‍കുട്ടികളെ വെറും ഭോഗവസ്തുക്കളായി ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ‘നിങ്ങള്‍ മതങ്ങളിലേക്കു ചുരുങ്ങുന്നു; ഞങ്ങളോ, മനുഷ്യരിലേക്കു പടരുന്നു’ എന്ന കുറിപ്പുമായി കഴിഞ്ഞ വര്‍ഷം കോളേജ് തുറക്കുന്ന സമയത്ത് പ്രവേശനകവാടത്തിന് അടുത്തുതന്നെ, ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രം വരച്ചുവച്ച വിപ്ലവകാരികള്‍ സത്യത്തില്‍ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിച്ചത് ലൈംഗിക അരാജകത്വമാണ്.

ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രകടമായ അരാജകത്വം ഉളവാക്കിക്കഴിഞ്ഞു. പ്രണയച്ചതിയുടെ വാരിക്കുഴികള്‍ ഒരുക്കുന്നവര്‍ക്ക് ഇത് വസന്തകാലമാണ്. ഇത്തരക്കാര്‍ക്ക് ന്യായവിധിയുടെ ഓര്‍മയില്ല എന്നു വ്യക്തം: ‘യുവാവേ, യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്‍ന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക. എന്നാല്‍ ഓര്‍മിച്ചുകൊള്ളുക, ഇവയ്‌ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും’ (സഭാ. 11:9).

പൊതുനിരത്തില്‍ പെരുകുന്ന വേസ്റ്റ്

മേല്പറഞ്ഞ ലൈംഗിക അരാജകത്വങ്ങളുടെ ഫലമാണ് നമ്മുടെ പൊതുനിരത്തിലേക്ക് അഞ്ചാം നിലയില്‍ നിന്ന് എറിയപ്പെട്ട, മൂന്നു മണിക്കൂര്‍ പ്രായമുള്ള ആ ശിശു. കേരളത്തിന്റെ പൊതുനിരത്തില്‍ വെറും വേസ്റ്റായി വീഴാന്‍ ഇനിയും എത്രയെത്ര ശിശുക്കള്‍. മാത്രമല്ല, ഹോസ്റ്റലിലെ കുളിമുറി പ്രസവമുറിയായി മാറുന്ന ദുരവസ്ഥ അവസാനിച്ചെന്നു കരുതാന്‍ ന്യായമുണ്ടോ? എത്രയോ ആത്മഹത്യകളും കൊലപാതകങ്ങളും ലൈംഗിക അരാജകത്വത്തിന്റെ ഭാഗമായി നടക്കുന്നു. ഗര്‍ഭഛിദ്രം അനുവദിക്കണം എന്ന ഹര്‍ജിയുമായി കോടതിയിലെത്തുന്ന കൗമാരക്കാര്‍ ഇന്ന് കേരള മനഃസാക്ഷിയെ ഞെട്ടിക്കാതായി. അത്രയ്ക്ക് സ്വാഭാവികമായി അതു കരുതപ്പെട്ടുതുടങ്ങിയിരിക്കുന്നു. കേസായി പൊതുസമൂഹം അറിയുന്നതില്‍ എത്രയോ ഇരട്ടി ഗര്‍ഭച്ഛിദ്രങ്ങള്‍ (ശിശുഹത്യകള്‍) വകതിരിവില്ലായ്മ മൂലം നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടാകാം. നിഷ്‌കളങ്കരക്തം ദൈവസന്നിധിയില്‍ ഉയര്‍ത്തുന്ന രോദനം ഈ നാടിനെതിരായ സ്വര്‍ഗത്തിന്റെ വിധിയെഴുത്തായി മാറാതിരിക്കട്ടെ.

പൊതുസമൂഹവും കുടുംബാംഗങ്ങളും അധ്യാപകരും പ്രസ്ഥാനങ്ങളും ഇനിയും ഇത്തരം ‘പിള്ളേരുകളി’കള്‍ക്കു മുന്നില്‍ ഉറക്കംനടിച്ചാല്‍ കൈരളിയുടെ ഭാവി ഇരുണ്ടുപോകും, തീര്‍ച്ച.

ഫാ. ജോഷി മയ്യാറ്റില്‍

Latest News