വാശിയേറിയ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജൻറീനയും, ക്രൊയേഷ്യയും സെമിയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. കരുത്തരായ നെതർലാനാഡ്സിനെ പരാജയപ്പെടുത്തിയാണ് അർജൻറീനയുടെ സെമി പ്രവേശനം. അതേസമയം അറാം ലോകകപ്പ് സ്വപ്നമായി വന്ന കാനറികളെ അട്ടിമറിച്ചാണ് ക്രൊയേഷ്യ കരുത്ത് കാട്ടിയത്.
അത്യന്തം വാശിയേറിയ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജൻറീന ഡച്ച് പടയെ തിരികെ അയച്ചത്. നിശ്ചിത സമയം അവസാനിക്കുമ്പോളും ഇരുടീമുകളും രണ്ട് ഗോൾ നേടി സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ഡച്ചുപടയുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ട അർജൻറീനയുടെ എമിലിയാനോ മാർട്ടിനെസായിരുന്നു കളിക്കളത്തിൽ യഥാർത്ഥ മിശിഹായായി അവതരിച്ചത്. ലയണൽ മെസി, ലിയാൻഡ്രോ പെരെഡസ്, ഗോൺസാലോ മോണ്ടിയൽ, ലൗട്ടാറോ മാർട്ടിനസ് എന്നിവർ ഷൂട്ടൗട്ടിൽ ഗോൾവല കുലുക്കി. ഡച്ചുപടക്കായി ടിയുൻ കൂപ്പ്മെയ്നേഴ്സ്, വൗട്ട് വെഗോർസ്റ്റ്, ലുക്ക് ഡിയോങ് എന്നിവരും ലക്ഷ്യം കണ്ടു.
അതേസമയം ബ്രസീലിയൻ ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് ക്രൊയേഷ്യയുടെ സെമി പ്രവേശനം. എഡ്യുക്കേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ക്വാർട്ടർ മത്സരത്തിൽ 1-1 എന്ന നിലയിലായിരുന്നു ബ്രസീൽ- ക്രൊയേഷ്യ സ്കോർബോർഡ്. കളിയിലുടനീളം അധിപത്യം പുലർത്തിയ ബ്രസീലിന് ഗോൾ വല നിറക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അവസരങ്ങൾ പാഴാക്കി കളഞ്ഞ ബ്രസീലിന് ക്രൊയേഷ്യൻ തന്ത്രം തിരിച്ചറിയുന്നതിൽ പിഴവ് പറ്റി.
ഡൊമിനിക് ലിവാകോവിച്ചെന്ന വൻമതിലിനെ മുൻനിർത്തി മാത്രം എസ്ട്രാ ടൈമിലേക്കും, പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോവുക എന്നതായിരുന്നു യൂറോപ്യൻ പോരാളികളായ ക്രൊയേഷ്യയുടെ തന്ത്രം. എന്നാൽ എസ്ട്രാ ടൈമിൽ ക്രൊയേഷ്യൻ പ്രതിരോധത്തെ തകർത്തെറിഞ്ഞുള്ള നെയ്മറുടെ മുന്നേറ്റത്തിലൂടെ പന്ത് ഗോൾ വലയിലെത്തിച്ചു. നിമിഷ നേരങ്ങൾക്കുളളിൽ ക്രൊയേഷ്യൻ താരം പെറ്റ്കോവിച്ചിൻറെ മുന്നേറ്റത്തിലൂടെ ഗോൾ മടക്കി നൽകി മധുരപ്രതികാരം. തുടർന്നായിരുന്നു ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ മത്സരം സ്വന്തമാക്കിയത്.
സെമിഫൈനലിൽ അർജൻറീനയാണ് ക്രൊയേഷ്യയുടെ എതിരാളികൾ. അതേസമയം ഇന്ന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ മൊറോക്കോയെയും, ഇംഗ്ലണ്ട് ഫ്രാൻസിനെയും നേരിടും.