അർജന്റീനയുടെ സ്വേച്ഛാധിപത്യ കാലത്ത് അമ്മമാരിൽ നിന്നും നിരവധി കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇങ്ങനെ തട്ടിക്കൊണ്ടു പോയവരിൽ 131-ാമത്തെ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ് അർജന്റീന. ഡിഎൻഎ പരിശോധനയിലൂടെയാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുവാൻ കഴിഞ്ഞതെന്ന് മനുഷ്യാവകാശ സംഘടനയായ ഗ്രാൻഡ് മദേഴ്സ് ഓഫ് പ്ലാസ ഡി മായോ വെളിപ്പെടുത്തി.
1976 മുതൽ 1983 വരെ നീണ്ടുനിന്ന അർജന്റീനയുടെ രക്തരൂക്ഷിതമായ സ്വേച്ഛാധിപത്യകാലത്ത്, സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രീയ തടവുകാരിൽ നിന്ന് കുഞ്ഞുങ്ങളെ ആസൂത്രിതമായി തട്ടിയെടുത്തിരുന്നു. ഇപ്രകാരം തട്ടിയെടുത്ത കുഞ്ഞുങ്ങളിൽ ഭൂരിഭാഗം പേരും യാതൊരു തെളിവും കൂടാതെ ഇല്ലാതാക്കുവാനും സൈന്യം ശ്രമിച്ചിരുന്നു. ഈ ശ്രമങ്ങളെ അതിജീവിച്ചത് ഏതാനും കുഞ്ഞുങ്ങൾ മാത്രമായിരുന്നു.
ഇപ്രകാരം തടവുകാരിൽ നിന്നും മോഷ്ടിക്കപ്പെട്ട കുട്ടികളുടെ തിരോധാനങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥാപിതമായ സംഘടനയാണ് ഗ്രാൻഡ്മദേഴ്സ് ഓഫ് പ്ലാസ ഡി മായോ. ഏകാധിപത്യ കാലത്ത് ഏകദേശം 500 കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന്, അവരുടെ അറിവോ സമ്മതമോ കൂടാതെ മാറ്റിയതായി സംഘടന കണ്ടെത്തി. ഈ കുട്ടികളെ കണ്ടെത്തുവാനായി ഡി എൻ എ പരിശോധനകളും മറ്റും ഉപയോഗിക്കുകയാണ് ഗ്രാൻഡ്മദേഴ്സ് ഓഫ് പ്ലാസ ഡി മായോ.
ലൂസിയ- ആൽഡോ ഹ്യൂഗോ ക്യൂവെഡോ ദമ്പതികളുടെ മകനെയാണ് ഇവർ നിരന്തരമായ പരിശ്രമത്തിലൂടെ കണ്ടെത്തിയത്. ഈ കണ്ടെത്തലോടെ തിരിച്ചറിഞ്ഞ “മോഷ്ടിച്ച” കുട്ടികളുടെ എണ്ണം 131 ആയി. 131-ാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുവാൻ സംഘടന തയ്യാറായില്ല.