Monday, November 25, 2024

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന; ഇസ്രായേലിന് പിന്തുണയും

ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് അര്‍ജന്റീന. പ്രസിഡന്റ് ഹാവിയര്‍ മിലിയുടെ ഓഫീസാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൂടാതെ പലസ്തീന്‍ സംഘത്തിന്റെ സാമ്പത്തിക സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടേയും ഇസ്രായേലിന്റേയും നിലപാടുകളോട് യോജിപ്പറിയിക്കുന്നതാണ് അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലിയുടെ ഉത്തരവ്.

ഓക്ടോബര്‍ 7ന് ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇറാനുമായുള്ള ഹമാസിന്റെ അടുത്ത ബന്ധവും പ്രസിഡന്റ് പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ ജൂതന്‍മാര്‍ താമസിക്കുന്ന മേഖലകളിലുണ്ടായ രണ്ട് തീവ്രവാദ ആക്രമണങ്ങളിലും അര്‍ജന്റീന ഹമാസിനെ കുറ്റപ്പെടുത്തി.

1994ല്‍ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററില്‍ ബോംബാക്രമണം നടന്നതിന്റെ 30-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ജന്റിനയുടെ നീക്കം. ആക്രമണത്തില്‍ അര്‍ജന്റീനയില്‍ 85 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 1992ല്‍ ബ്യൂണസ് ഐറിസിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ 20ലധികം പേരും കൊല്ലപ്പെട്ടിരുന്നു.

ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിലെ അംഗങ്ങളാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അര്‍ജന്റീന ആരോപിക്കുന്നത്. ഹമാസിനെ യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Latest News