അര്‍ജന്‍റീനിയന്‍ ഇതിഹാസതാരം ലയണല്‍ മെസ്സി തുടര്‍ച്ചയായി എട്ടാം തവണയും ഫിഫ ബലോൻ ദ് ഓര്‍ പുരസ്കാരത്തിനു അർഹനായി. ബലോൻ ദ് ഓറിന്റെ ചരിത്രത്തിൽ, ഏറ്റവും കൂടുതൽ തവണ സ്വർണപ്പന്ത് നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി പുതുക്കിയത്. പുരസ്കാരനേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകൂടിയ താരം കൂടിയാണ് മെസ്സി.
കായികരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന, 2022 -ലെ ലോറസ് പുരസ്കാരം ലഭിച്ചതിനു പിന്നാലെയാണ് ബലോൻ ദ് ഓർ പുരസ്കാരവും അര്‍ജന്‍റീനിയന്‍ താരത്തെ തേടിയെത്തിയത്. അർജന്റീനയെ ലോകചാമ്പ്യനാക്കിയതും രണ്ടാം തവണയും പി.എസ്.ജിയെ ലീഗ് 1 ജേതാക്കളാക്കിയതുമാണ് മെസ്സിയുടെ ഈ നേട്ടത്തിനു കാരണം. ചാമ്പ്യന്‍സ് ലീഗിലും ലീഗ് 1 -ലുമായി 39 മത്സരങ്ങളിൽനിന്ന് 40 ഗോളുകൾ മെസ്സി നേടിയിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയ്‌ക്കെതിരെ മെസ്സി തന്റെ ഫുട്ബോൾ കരിയറിൽ 1000 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടു.
മെസ്സിക്കുപുറമെ മികച്ച ഗോൾകീപ്പറിനുള്ള ലെവ് യാഷിൻ ട്രോഫി അർജൻ്റീനയുടെ കീപ്പർ എമിലിയാനോ മാർട്ടിനസിനു ലഭിച്ചു. ലോകകപ്പ് നേടിയ സ്പെയിൻ ടീം അംഗവും സ്പാനിഷ് ലീഗ് നേടിയ ബാഴ്സലോണ താരവുമായ ഐറ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം. മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി, എർലിംഗ് ഹാളണ്ട് സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള മികച്ചതാരത്തിനു ലഭിക്കുന്ന കോപ്പ ട്രോഫി ഇംഗ്ലണ്ടിന്റെയും റയൽ മാഡ്രിഡിന്റെയും താരമായ ജൂഡ് ബെല്ലിങ്ങാമിനും ലഭിച്ചു. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 -ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും വനിതാ ടീമിനുള്ള പുരസ്കാരം ബാഴ്സലോണയും സ്വന്തമാക്കി.