ഹമാസിന്റെ തടവിൽ കൊല്ലപ്പെട്ട ഇസ്രായേലി ബാലനായ ഏരിയൽ ബിബാസ് ഇനി ചിത്രശലഭമായി പറന്നുയരും. ഏരിയലിനോടുള്ള ആദരസൂചകമായി ഓറഞ്ച് ചിത്രശലഭത്തിന്റെ പേര് ഹീബ്രു ഭാഷാ അക്കാദമി പുനർനാമകരണം ചെയ്തതോടെയാണ് ഇനിമുതൽ ലോകം, എക്കാലവും ഒരു ചിത്രശലഭത്തിലൂടെ അവനെ ഓർമ്മിക്കുക.
ഓറഞ്ച് ചിത്രശലഭത്തിന്റെ ‘മെലിറ്റേയ ഓർനാറ്റ’ എന്ന പേര് ‘ഏരിയൽ ഫ്രിറ്റിലറി’ എന്നാക്കി മാറ്റുകയായിരുന്നു. പേര് മാറ്റുന്നതിനുള്ള വോട്ട് ഏകകണ്ഠമായി അംഗീകരിച്ചതായി അറിയിച്ചുകൊണ്ട് ഏരിയലിന്റെ പിതാവ് യാർഡന് അക്കാദമി കത്തയച്ചു. “നിങ്ങളുടെ ദുഃഖത്തിൽ ഇതൊരു ആശ്വാസമാകട്ടെ” എന്ന് യാർഡന് എഴുതിയ കത്തിൽ അക്കാദമി പറയുന്നു. ഓറഞ്ച് നിറത്തിലുള്ള ചിറകുകൾ ഉള്ളതിനാൽ മാത്രമല്ല, ജറുസലേമിലെ 70 പേരുകളിലൊന്ന് എന്ന ക്രമത്തിൽ ഏരിയൽ എന്ന പേര് ഉള്ളതിനാലാണ് ബഹുമാനാർഥം ഈ പ്രത്യേക ചിത്രശലഭത്തെ തിരഞ്ഞെടുത്തതെന്ന് അക്കാദമി വിശദീകരിച്ചു.
ഹമാസ് തടവിൽ നിന്ന് മടങ്ങിയെത്തിയ യാർഡൻ തന്റെ മക്കളുടെ കളിപ്പാട്ടങ്ങൾ അസുത അഷ്‌ദോദ് പബ്ലിക് ഹോസ്പിറ്റലിനു ദാനം ചെയ്തിരുന്നു. ഏരിയലിനെ ആദരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കുട്ടികൾ ബാറ്റ്മാൻ ലോഗോകളുള്ള ഓറഞ്ച് തൊപ്പികൾ ധരിച്ചെത്തി. ഒക്ടോബർ ഏഴിനാണ് ബിബാസ് യാർഡന്റെ ഭാര്യ ഷിരിയും അവരുടെ രണ്ട് ഇളയ ആൺമക്കളായ ഏരിയലെനെയും ക്ഫിറിനെയും അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
മെലിറ്റേയ ഓർനാറ്റ എന്ന ചിത്രശലഭം ചിറകുകളിൽ ഓറഞ്ച്, കറുപ്പ്, വെള്ള നിറങ്ങളിലുള്ള സങ്കീർണ്ണമായ ചെക്കർബോർഡ് പാറ്റേണുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ്. ഇസ്രായേൽ, മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ, കിഴക്കൻ യൂറോപ്പ്, കോക്കസസ്, മധ്യേഷ്യ എന്നിവിടങ്ങളിലാണ് ഈ ചിത്രശലഭങ്ങൾ വ്യാപകമായി കാണപ്പെടുന്നത്.