ഐക്യരാഷ്ട്രസഭയുടെയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അഡീഷനൽ സെക്രട്ടറിയാണ് ബാഗ്ചി. നേരത്തെ ക്രൊയേഷ്യയിലെ അംബാസഡറായും ശ്രീലങ്കയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സംഘടന കളിലെ മുൻ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഇന്ദ്രമണി പാണ്ഡെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പശ്ചാത്തലയത്തിലാണ് പിന്‍ഗാമിയായി അരിന്ദം ബാഗ്ചിയുടെ നിയമനം. 1995 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ബാഗ്ചി, 2020 മാര്‍ച്ചിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായി ചുമതലയേറ്റത്. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം, കൊവിഡ്, ന്യൂഡല്‍ഹിയുടെ ജി20 പ്രസിഡന്‍സി ഉള്‍പ്പെടെയുള്ള നിരവധി നിര്‍ണായക പ്രശ്‌നങ്ങളും സംഭവവികാസങ്ങളും അദ്ദേഹം സമര്‍ത്ഥമായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഡയറക്ടറായും ന്യൂയോര്‍ക്കിലെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം, ബാഗ്ചിയുടെ പുതിയ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ ജോയിന്റ് സെക്രട്ടറി (ജി 20) നാഗരാജ് നായിഡു കാക്കനൂര്‍, മൗറീഷ്യസിലെ ഹൈക്കമ്മീഷണര്‍ കെ നന്ദിനി സിംഗ്ല എന്നിവരുള്‍പ്പെടെ നാല് മുതിര്‍ന്ന നയതന്ത്രജ്ഞരെ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.