Friday, May 17, 2024

കോംഗോയിലെ ഇറ്റൂരി പ്രവിശ്യയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്തരൂക്ഷിതമായ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കുപ്രസിദ്ധ സായുധ സംഘത്തെയാണ് ഒരു സമുദായ നേതാവ് കുറ്റപ്പെടുത്തിയത്.

ശനിയാഴ്ച രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഇറ്റൂരി പ്രവിശ്യയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ ക്യാമ്പിലാണ് ആക്രമണം നടന്നത്. ദ്രാക്പയില്‍ താമസമാക്കുന്നതിനായി എന്‍ഗോത്ഷി ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തവരാണ് ഇരകള്‍. 25 നും 32 നും ഇടയില്‍ പ്രായമുള്ള അഞ്ച് സ്ത്രീകളും രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ആക്രമണത്തിന് ഇരകളായവരില്‍ ഉള്‍പ്പെടുന്നുവെന്ന് റെഡ് ക്രോസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി പുറത്തുവിട്ട പട്ടികയില്‍ പറയുന്നു.

അക്രമികള്‍ CODECO സായുധ സംഘത്തില്‍ പെട്ടവരാണെന്നാണ് ഇറ്റൂരിയിലെ ദ്ജുഗു ഏരിയയിലെ കമ്മ്യൂണിറ്റി നേതാവ് ജീന്‍ ഡിസ്ബ ബഞ്ചു പറഞ്ഞത്. ”CODECO അംഗങ്ങള്‍ കോളനിയില്‍ പ്രവേശിച്ച് ആളുകളെ കത്തി ഉപയോഗിച്ച് വെട്ടാന്‍ തുടങ്ങി’. ബാഞ്ജു ഞായറാഴ്ച എഎഫ്പിയോട് പറഞ്ഞു. പ്രദേശത്തെ പല വംശീയ കൂട്ടക്കൊലകള്‍ക്കും ഇവര്‍ ഉത്തരവാദികളുമാണ്.

2017 അവസാനം മുതല്‍ CODECO യുടെ ഉദയത്തോടെ ഇറ്റൂരി പ്രവിശ്യ വീണ്ടും അക്രമ പരമ്പരകളിലേക്ക് കൂപ്പുകുത്തി. ആളുകള്‍ പല ചേരികളായി പിരിയുകയും ചെയ്തു. ലെന്‍ഡു വംശീയ ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ-മത വിഭാഗമാണ് ഈ സംഘം. CODECOയും അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സും (എഡിഎഫ്) ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളെ ചെറുക്കുന്നതിനായി മെയ് 6 മുതല്‍ ഇറ്റൂരിയും അയല്‍പക്കത്തുള്ള നോര്‍ത്ത് കിവുവും ഉപരോധത്തിലാണ്. നവംബര്‍ അവസാനം മുതല്‍ അടിച്ചമര്‍ത്തലുകളും ഉഗാണ്ടന്‍ സൈന്യത്തില്‍ നിന്നുള്ള പിന്തുണയും ഉണ്ടായിരുന്നിട്ടും, ആക്രമണങ്ങള്‍ തുടരുകയും 2021 മെയ് മുതല്‍ ഈ വര്‍ഷം ജനുവരി വരെ 1,000-ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറ്റൂരിയുടെ അയല്‍ദേശമായ ബെനി മേഖലയില്‍, ഇക്കഴിഞ്ഞ ഞായറാഴ്ചയും എഡിഎഫ് വിമതര്‍ നടത്തിയ ഒളിയാക്രമണത്തില്‍ നാല് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

Latest News