ഹെയ്തിയിലെ സായുധസംഘങ്ങൾ രണ്ട് സന്യാസിനിമാരെ കൊലപ്പെടുത്തി. ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായ സി. ഇവാനെറ്റ് ഒനെസെയർ, സി. ജീൻ വോൾട്ടയർ എന്നിവരെയാണ് ആയുധധാരികൾ കൊലപ്പെടുത്തിയത്. സായുധസംഘങ്ങൾ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ നാശം വിതയ്ക്കുന്നത് തുടരുകയാണ്.
വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഒരു ഗുണ്ടാസംഘത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന്, പോർട്ട്-ഔ-പ്രിൻസിലെ ആർച്ച്ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എ സി എൻ) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനോട് ഈ വാർത്ത സ്ഥിരീകരിച്ചു.
മാർച്ച് 31 ന് ഈ സംഘം മധ്യ ഹെയ്തിയൻ പട്ടണമായ മിറെബലൈസിൽ അതിക്രമിച്ചു കയറി ഒരു ജയിലിൽനിന്ന് അഞ്ഞൂറോളം തടവുകാരെ മോചിപ്പിക്കുകയും ഒരു പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തു. എന്നിരുന്നാലും എത്ര വീടുകളെ ഇത് ബാധിച്ചു എന്ന കാര്യം ഇതുവരെ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, ആക്രമണം ആരംഭിച്ചപ്പോൾ സന്യാസിനിമാർ മറ്റുള്ളവരോടൊപ്പം ഒരു വീട്ടിൽ അഭയം തേടാൻ നിർബന്ധിതരായി. നിർഭാഗ്യവശാൽ, ആക്രമണകാരികൾ അവരുടെ ഒളിത്താവളം കണ്ടെത്തി മുഴുവൻ പേരെയും കൊലപ്പെടുത്തുകയായിരുന്നു. “ഈ ആക്രമണത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടു; അതിൽ രണ്ടു സന്യാസിനിമാരും ഉൾപ്പെടുന്നു. എല്ലാ തടവുകാരും രക്ഷപെട്ടു. കൊള്ളക്കാർ നഗരം കൈവശപ്പെടുത്തിയിരിക്കുന്നു” – ബിഷപ്പ് മെസിഡോർ സ്ഥിരീകരിച്ചു.