സായുധ കലാപ നീക്കം നടത്തിയ വാഗ്നർ സേനക്കും പ്രഗോഷിനുമെതിരായുള്ള കലാപക്കുറ്റം ഒഴിവാക്കില്ലെന്ന് റഷ്യയുടെ പ്രഖ്യാപനം. പ്രഗോഷിൻ ചെയ്തത് രാജ്യദ്രോഹമാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന് ആവര്‍ത്തിച്ചതിനു പിന്നാലെയാണ് നടപടി. ഇതിലും ചെറിയ കുറ്റങ്ങള്‍ക്കു പോലും റഷ്യ വധശിക്ഷയാണ് വിധിച്ചിരുന്നതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
കലാപനീക്കത്തില്‍ നിന്നും പിന്മാറിയ പ്രിഗോഷിന്, നിലവിൽ ബെലാറൂസിൽ ഉണ്ടെന്നാണ് വിവരം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കു പിന്നാലെ പ്രിഗോഷിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കുമെന്ന് നേരത്തെ ക്രെംലിൻ വക്താവ് അറിയിച്ചിരുന്നു. കലാപശ്രമത്തില്‍ പങ്കെടുക്കാത്ത വാഗ്നര്‍ ഗ്രൂപ്പിലെ സൈനികര്‍ക്ക് കൂടുതല്‍ ചുമതല നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രഗോഷിനും സൈനികര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് റഷ്യയുടെ നീക്കം.
23 വർഷമായി അധികാരത്തിൽ തുടരുന്ന പുടിന് സമീപകാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ആശങ്കയാണ് കലാപനീക്കത്തിലൂടെ ഉണ്ടായത്. ചെറിയ ശിക്ഷകള്‍ക്കു പോലും വധശിക്ഷ വിധിച്ചിരുന്ന പാരമ്പര്യമാണ് പുടിനെന്നും അതിനാല്‍ കലാപാഹ്വാനം നടത്തിയത് ക്ഷമിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് പ്രമുഖ അമേരിക്കൻ രാഷ്ട്രീയ വിശകലന വിദഗ്ദൻ ഇയാന്‍ ബ്രെമാര് അവകാശപ്പെടുന്നത്. കലാപക്കുറ്റം ചുമത്തുമെന്ന റഷ്യയുടെ പ്രഖ്യാപനത്തിലൂടെ വാഗ്നർ കൂലിപ്പടയെ പതുക്കെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം പുടിന് നടത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ ശരിവയ്ക്കുകയാണ്.
അതേസമയം, രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഏര്‍പ്പെട്ടതെന്നാണ് മധ്യസ്ഥനായി നിന്ന ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പറയുന്നത്. വാഗ്നർ പട്ടാളത്തിന് സുരക്ഷ ഉറപ്പാക്കുന്നതാണ് കരാറെന്നും അദ്ദേഹം വിശദീകരിച്ചു.