അസര്‍ബൈജാനുമായുള്ള അതിര്‍ത്തിയില്‍ തിങ്കളാഴ്ച മുതല്‍ നടന്നു വരുന്ന ഏറ്റുമുട്ടലില്‍ നൂറിലധികം അര്‍മേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ പറഞ്ഞു. തങ്ങളുടെ 50 സൈനികരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായാണ് അസര്‍ബൈജാന്‍ പറയുന്നത്.
തര്‍ക്കപ്രദേശമായ നഗോര്‍ണോ-കറാബാക്ക് മേഖലയെച്ചൊല്ലി ഈ രണ്ട് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കിടയില്‍ നടന്നു വരുന്ന ദീര്‍ഘകാല സംഘര്‍ഷങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ റഷ്യയും യുഎസും ആഹ്വാനം ചെയ്തിട്ടുണ്ട്.
പര്‍വതപ്രദേശമായ നാഗോര്‍ണോ-കറാബാഖ് മേഖലയെച്ചൊല്ലി അയല്‍ റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം 1980 കളിലും 1990 കളിലും പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിനും 2020 ല്‍ ആറാഴ്ചത്തെ യുദ്ധത്തിനും പതിറ്റാണ്ടുകളായി തുടരുന്ന ഏറ്റുമുട്ടലിനും കാരണമായിരുന്നു.
ഈയാഴ്ച അര്‍മേനിയന്‍ പ്രദേശത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ (4 ചതുരശ്ര മൈല്‍) അസെറി സൈനികര്‍ കൈവശപ്പെടുത്തിയതായും നിക്കോള്‍ പഷിനിയന്‍ ആരോപിച്ചു. സൈനിക സഹായത്തിനായി താന്‍ ഇപ്പോള്‍ റഷ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍മേനിയയുടെ ദീര്‍ഘകാല സഖ്യകക്ഷിയാണ് റഷ്യ.
അര്‍മേനിയയ്ക്കുള്ളില്‍ നിലയുറപ്പിച്ച റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സേവനങ്ങളുടെ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ, അര്‍മേനിയയുടെ വാദങ്ങളെല്ലാം അസര്‍ബൈജാന്‍ നിഷേധിച്ചു. പകരം, അസര്‍ബൈജാന്‍ അവകാശപ്പെടുന്നത് തങ്ങളുടെ ജില്ലയായ കല്‍ബക്കറിനുള്ളിലെ സൈനികര്‍ക്കു നേരെ ഷെല്ലാക്രമണം നടത്തിയാണ് അര്‍മേനിയ സംഘര്‍ഷം ആരംഭിച്ചതെന്നാണ്.
രണ്ട് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ പൊട്ടിപ്പുറപ്പെടുന്ന ഏറ്റവും മാരകമായ പോരാട്ടമാണ് ഇത്. ഇത് കൂടുതല്‍ മാരകമായ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാന്‍ അന്താരാഷ്ട്ര നേതാക്കള്‍ നയതന്ത്ര ശ്രമങ്ങള്‍ ശക്തമാക്കുകയാണ്.
നയതന്ത്ര ശ്രമത്തിന്റെ ഭാഗമായി, റഷ്യയുടെ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ അര്‍മേനിയയിലേക്ക് ഒരു സമാധാന ദൗത്യസംഘത്തെ അയയ്ക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെടിനിര്‍ത്തല്‍ സുഗമമാക്കുമെന്ന പ്രതീക്ഷയില്‍ ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി ഫോണ്‍ കോളുകള്‍ നടത്തി.