32 വർഷത്തിനിടെ ആദ്യമായി അർമേനിയ അതിർത്തിയുടെ ഭാഗിക നിയന്ത്രണം ഏറ്റെടുത്തു. റഷ്യൻ ആധിപത്യത്തിൽ നിന്നുള്ള വിമോചനത്തിലേക്ക് അർമേനിയയെ നയിക്കുന്ന ഒരു പുതിയ ചുവടുവെപ്പാണ് ഇത്. 30 വർഷത്തിലേറെയായി റഷ്യൻ സൈന്യം മാത്രം കാവൽ നിൽക്കുന്ന ഇറാനുമായും തുർക്കിയുമായും അതിർത്തിയുടെ ഭാഗിക സംരക്ഷണമാണ് അർമേനിയ ഏറ്റെടുത്തത്.
അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പശിന്യാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഒക്ടോബർ 8 ന് പ്രഖ്യാപിച്ച കരാർ പ്രകാരം, റഷ്യൻ അതിർത്തി സേന 2025 ജനുവരി ഒന്നുമുതൽ ഇറാനുമായുള്ള അതിർത്തിയിലെ ചെക്ക് പോയിന്റിൽ നിന്ന് പിന്മാറും. “റഷ്യക്കാർ ഇതുവരെ ഇറാനിയൻ അതിർത്തി വിട്ടിട്ടില്ല. ഈ ചെക്ക് പോയിന്റ് മാത്രമേ അർമേനിയൻ അതിർത്തി സേനയുടെ കൈകളിലേക്ക് പോകുകയുള്ളു”- യെരേവനിലെ റീജിയണൽ സ്റ്റഡീസ് സെന്ററിന്റെ സ്ഥാപക ഡയറക്ടർ റിച്ചാർഡ് ഗിരഗോസിയൻ പറയുന്നു. ഇതിനകം അവിടെ നിലയുറപ്പിച്ചിരിക്കുന്ന റഷ്യൻ സേനയ്ക്കൊപ്പം തുർക്കിയുമായുള്ള അതിർത്തി കാക്കുന്നതിൽ അർമേനിയൻ സൈനികർക്ക് പങ്കെടുക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു.
“ഇത് അർമേനിയയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. രാജ്യം അതിന്റെ പരമാധികാരം വീണ്ടെടുക്കുകയും സോവിയറ്റ് യൂണിയന് ശേഷം ആദ്യമായി അതിർത്തികളുടെ നിയന്ത്രണം ക്രമേണ ഏറ്റെടുക്കുന്നതിലൂടെ റഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിലേയ്ക്ക് എത്തുകയും ചെയ്യുന്നു”- റിച്ചാർഡ് ഗിരഗോസിയൻ വെളിപ്പെടുത്തുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഒരു വർഷത്തിന് ശേഷം 1992ലാണ് ഇറാൻ-തുർക്കി അതിർത്തിയിൽ റഷ്യൻ സേനയുടെ സാന്നിധ്യം അംഗീകരിച്ചത്.