വൻ സേനാ വ്യൂഹത്തെ അയച്ച് ക്രിമിനൽ മാഫിയയുടെ നിയന്ത്രണത്തിലായിരുന്ന ജയില്‍ തിരിച്ചു പിടിച്ച് വെനസ്വേല സർക്കാർ. വടക്കൻ വെനസ്വേലയിൽ ടോകോറോൺ ജയിലാണ് സൈന്യം തിരിച്ചുപിടിച്ചത്. ട്രെൻ ഡി അരാഗ്വ എന്ന മാഫിയ സംഘം ഭരിച്ച ജയിലില്‍ 6,000 തടവുകാരാണ് ഉണ്ടായിരുന്നത്.
മാഫിയസംഘത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജയില്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീന്തൽകുളം, നൈറ്റ്ക്ലബ്, മൃഗശാല എന്നിവയടക്കമുളള ജയില്‍ എന്ന നിലയിലായിരുന്നു ടോകോറോൺ ശ്രദ്ധ നേടിയത്. തടവുകാർക്ക് പുറമെ ചിലരുടെ കുടുംബങ്ങളും ഇവിടെ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വെനസ്വേല സർക്കാർ വൻ സേനാ വ്യൂഹത്തെ അയച്ച് ജയില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ജയിലിലുണ്ടായിരുന്ന കുറ്റവാളികളെ മറ്റു ജയിലുകളിലേക്ക് മാറ്റുമെന്ന് സർക്കാർ അറിയിച്ചു.