ശിരോവസ്ത്രം ധരിക്കാത്തതിൻറെ പേരിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച ഇറാനിയൻ യുവതിക്ക് പൗരത്വം നൽകി സ്പെയിൻ ഭരണകൂടം. ചെസ് ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിനെ തുടർന്ന് സ്പെയിനിൽ അഭയം തേടിയ സാറ ഖാദേം എന്ന യുവതിക്കാണ് സ്പെയിൻ പൗരത്വം നൽകിയത്. സാറക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച് ക്യാബിനറ്റ് അംഗീകാരമായെന്ന് സ്പാനിഷ് ഔദ്യോഗിക ഗസറ്റാണ് പ്രഖ്യാപനം നടത്തിയത്.
കസാക്കിസ്ഥാനിലെ അൽമാട്ടിയിൽ വച്ച് ഡിസംബറിൽ നടന്ന വേൾഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ഹിജാബ് ധരിക്കാതെ സാറ പങ്കെടുത്തത്. തുടർന്ന് ജനുവരിയിൽ ഇറാൻ മതഭരണകൂടം സാറ ഖാദേം നെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും പിന്നാലെ ഇവർ സ്പെയിനിലേക്ക് അഭയം തേടുകയും ചെയ്തു. സ്പെയിനിൽ തുടർന്നു വരുന്നതിനിടയിലാണ് രാജ്യത്തെ പൗരത്വം സാറക്കു നൽകുന്നതിനു ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. രാജ്യത്തെ പുരോഹിത നേതൃത്വത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിൽ തന്റെ രൂപം വന്നുപെട്ടതിൽ ഒരു തരത്തിലുള്ള പശ്ചാത്താപവും തനിക്കില്ലെന്നും ചെസ്സ് താരം റോയിട്ടേഴ്സ് ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മഹ്സ അമിനി എന്ന യുവതി ഇറാൻ സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച സംഭവം വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും തുടക്കിമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാറക്കെതിരേയും നടപടിയുണ്ടാകുന്നത്.