യുക്രൈന്‍ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) റഷ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെതിരെയാണ് ഐസിസി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. യുക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദി റഷ്യന്‍ പ്രസിഡന്‍റാണെന്ന് ആരോപിച്ചാണ് ഐസിസിയുടെ നടപടി.
ഒരു വര്‍ഷത്തിനു ശേഷവും റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കാതെ തുടരുകയാണ്. ഇതിനിടയില്‍ റഷ്യൻ ഫെഡറേഷനിലേക്ക് യുക്രൈനിലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്നതായും ഐസിസി സംശയിക്കുന്നു. കൂടാതെ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നും ആരോപണമുണ്ട്. പുടിനെതിരെയുള്ള വാറണ്ട് ഈ ആഴ്ച ആദ്യം തന്നെ പുറപ്പെടുവിക്കുമെന്നാണ് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്.
എന്നാല്‍ യുദ്ധത്തില്‍ റഷ്യൻ സൈന്യം അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം മോസ്കോ നിഷേധിച്ചു. റഷ്യയിലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മീഷണർ മരിയ എൽവോവ-ബെലോവയ്‌ക്കെതിരെയും ഇതേ കുറ്റങ്ങൾ ചുമത്തി കോടതി പ്രത്യേകം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ ഒരു വർഷം മുമ്പാണ് യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങൾ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.