നാസയുടെ ബഹിരാകാശ ദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ പതിച്ചു. ചന്ദ്രൻറെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം 25.5 ദിവസത്തെ ദൗത്യത്തിന് ഒടുവിൽ വിലപ്പെട്ട നിരവധി ഡേറ്റകൾ ശേഖരിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ദൗത്യത്തിൻറെ ഭാഗമാണ് അർട്ടെമിസ് 1 ഓറിയോൺ പേടകം. നവംബർ 16 ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് എസ്.എൽ.എസിലൂടെയാണ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാ പേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.
2025-ൽ ബഹിരാകാശയാത്രികരെ അർട്ടെമിസ് മൂന്നിലൂടെ ചന്ദ്രനിലിറക്കുകയാണ് നാസായുടെ ലക്ഷ്യം. ഇതിന് മുന്നോടിയായുളള റിഹേഴ്സലാണ് ആർട്ടെമിസ്-1 ഓറിയോൺ പേടകം. പരീക്ഷണ ദൗത്യം പൂർത്തീകരിച്ചെത്തിയ ആർട്ടെമിസ്- 1 പസഫിക് സമുദ്രത്തിലെ സാന്തിയാഗോ തീരത്താണ് മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗത്തിൽ പതിച്ചത്. നേവിയുടെ സഹായത്തോടെ പേടകം തിരിച്ചെടുക്കുമെന്നാണ് വിവരം.