Friday, April 11, 2025

പെരിയാറും ‘പൂതന’കളും

എല്ലാ മക്കള്‍ക്കും വേണ്ടി തന്റെ മാറിലെ പാല്‍ സുലഭമായി ചുരത്തിയൊഴുകുന്ന അമ്മയാണ് 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍. പക്ഷേ, അവളുടെ മുലയില്‍ വിഷം പുരട്ടി ആ മക്കളെ രോഗികളും മൃതരും ആക്കുന്ന ഇരുന്നൂറോളം പൂതനകള്‍ കൊച്ചിയിലെ ഏലൂര്‍-ഇടയാര്‍ വ്യാവസായിക മേഖലയില്‍ ഉണ്ട് – പെരിയാറിലേക്ക് പ്രതിദിനം ഇരുപത്തിയാറു കോടി ലിറ്റര്‍ മലിനജലം ഒഴുക്കിവിടുന്ന കമ്പനിപൂതനകള്‍! അവയില്‍ എണ്‍പതെണ്ണത്തോളം റെഡ് കാറ്റഗറിയില്‍ പെട്ടവയാണത്രേ. അതായത്, കുടിവെള്ള സ്രോതസ്സുകളുടെ പരിസരത്തു പോലും അടുപ്പിക്കാന്‍ പാടില്ലെന്ന് അന്താരാഷ്ട്ര ധാരണയുള്ളത്ര ജലമലിനീകരണ സാധ്യതയുള്ളവ.

ഇവ പുറന്തള്ളുന്ന നൈട്രേറ്റ്, സള്‍ഫേറ്റ്, അമോണിയ എന്നീ രാസമാലിന്യങ്ങള്‍ കുടിച്ച് പെരിയാര്‍ മാരകാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഏറ്റവും പുതിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ സുപ്രീം കോര്‍ട്ട് മോണിറ്ററിങ് കമ്മിറ്റി, ഹൈക്കോടതി കമ്മീഷന്‍, ഗ്രീന്‍പീസ്, കേരള നിയമസഭയുടെ പരിസ്ഥിതി സമിതി എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പെരിയാറിലെ നിക്കല്‍, സിങ്ക്, ഇരുമ്പ്, മെര്‍ക്കുറി തുടങ്ങിയ ഘനലോഹങ്ങളുടെ മാരക സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒരു കൊല്ലം ആയിരം കിലോ ഇരുമ്പും ആയിരത്തി എഴുന്നൂറു കിലോ മെര്‍ക്കുറിയുമാണത്രേ പെരിയാറില്‍ എത്തുന്നത്. പാതാളം ബണ്ടില്‍ വെറുതെ ഒന്നു കണ്ണോടിച്ചാല്‍ മതി, പെരിയാറിനോടും കൊച്ചിക്കാരോടും ഈ കമ്പനികള്‍ ചെയ്യുന്ന ക്രൂരത തിരിച്ചറിയാന്‍.

ജലവിഭവ വകുപ്പിന്റെ, ചൊവ്വര, ആലുവ, മുപ്പത്തടം എന്നീ ഇടങ്ങളിലുള്ള മൂന്നു ക്ലോറിനേഷന്‍ പ്ലാന്റുകള്‍ പെരിയാറില്‍ നിന്നുള്ള ജലം ശുദ്ധീകരിച്ചാണ് (?) നാല്പതു ലക്ഷം മനുഷ്യര്‍ക്ക് കുടിവെള്ളം അഥവാ വിഷജലം സംലഭ്യമാക്കുന്നത്. കുടിവെള്ളത്തെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയോ ഇന്ത്യാരാജ്യമോ മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാന്‍ ഈ പഴഞ്ചന്‍ പ്ലാന്റുകള്‍ക്ക് കഴിയുകയില്ല. ഫലമോ? കൊച്ചിയില്‍ കുതിച്ചുയരുന്ന കിഡ്‌നി രോഗം! 2004ല്‍ വെറും 200 മാത്രമായിരുന്ന കൊച്ചിയിലെ കിഡ്‌നി രോഗികളുടെ എണ്ണം ഇരുപതു വര്‍ഷത്തിനുള്ളില്‍ ഒന്നര ലക്ഷത്തില്‍ അധികമായി ഉയര്‍ന്നു എന്നാണ് സൂചനകള്‍. ഡയാലിസിസ് സെന്ററുകളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ചയും അഭൂതപൂര്‍വകമാണ്.

പക്ഷേ, ഉറഞ്ഞുതുള്ളി കുടിവെള്ളത്തില്‍ രാസമാലിന്യം തള്ളുന്ന പൂതനകള്‍ക്ക് ഒരു കുലുക്കവും ഇല്ല. കാരണം, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രഭൃതികളുടെയും സര്‍ക്കാരിന്റെയും പരിരക്ഷ അവര്‍ക്കുണ്ട്. സര്‍ക്കാരുകളും രാഷ്ട്രീയക്കാരും മലിനീകരണ ‘നിയന്ത്രണ’ ഉദ്യോഗസ്ഥരും അവരുടെ സ്വന്തം പൂതനകളും ചേര്‍ന്ന് പൗരന്മാരെ കൊന്നേ അടങ്ങൂ…

ഫാ. ജോഷി മയ്യാറ്റില്‍

Latest News