Monday, November 25, 2024

ബ്രിട്ടീഷുകാരെ സ്തബ്ധരാക്കിയ അരുണ ആസഫലി

1909 ജൂലൈ 16 പഞ്ചാബിലെ കാല്‍ക്കയില്‍ ജനിച്ചു. ആദ്യകാല നാമം അരുണ ഗാംഗുലി എന്നായിരുന്നു. നൈനിറ്റാള്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ കല്‍ക്കത്തയില്‍ അധ്യാപക ജോലിനോക്കി. 1928 ല്‍ അഭിഭാഷകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആസഫലിയെ വിവാഹം കഴിച്ചു.

ദേശീയ ശ്രദ്ധയില്‍

ലാഹോര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ പഠിച്ചതിനുശേഷം കല്‍ക്കത്തയിലെ ഗോഖലെ സ്മാരക വിദ്യാലയത്തില്‍ അരുണ അധ്യാപികയായി. ഉപ്പുസത്യാഗ്രഹ കാലത്താണ് അരുണ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഉപ്പുസത്യാഗ്രഹ സമയത്ത് പൊതുയോഗത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ലാഹോറില്‍ തടവിലായിരുന്ന അരുണയെ ബ്രിട്ടീഷ് സര്‍ക്കാര്‍ വിട്ടയച്ചില്ല. ഗാന്ധിജിയുടെ ഇടപെടലോടെയാണ് അരുണയെ ജയില്‍മോചിതയാക്കിയത്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സോഷ്യലിസ്റ്റ് നേതാക്കളെല്ലാം അറസ്റ്റിലായപ്പോള്‍ അരുണയടക്കമുള്ളവരാണ് സ്വാതന്ത്രസമരപ്രസ്ഥാനത്തെ ധീരമായി നയിച്ചത്.

പട്ടാളക്കാരെ സ്തബ്ധരാക്കിയ പെണ്‍കുട്ടി

മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്തില്‍ തടിച്ചുകൂടിയ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ പട്ടാളക്കാര്‍ ആജ്ഞാപിച്ചു. അപ്പോള്‍ ഒരു പെണ്‍കുട്ടി വേദിയിലേയ്ക്ക് ഓടി എത്തി. ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റുചെയ്യപ്പെട്ട വിവരം ആ കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അരുണ ആസഫ് അലിയായിരുന്നു അത്. തുടര്‍ന്ന് ആ പെണ്‍കുട്ടി മൂവര്‍ണ പതാക ഉയര്‍ത്തി. പട്ടാളക്കാര്‍ സ്തബ്ധരായി നിന്നു.

ക്വിറ്റ് ഇന്ത്യസമര നായിക

പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായ സമയത്ത് ഗോവാലിയ ടാങ്ക് മൈതാനത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത് അരുണ ആസഫലി ആയിരുന്നു. പിന്നീട് സമ്മേളനം നിയന്ത്രിച്ചതും അവര്‍ തന്നെയാണ്. ‘ക്വിറ്റിന്ത്യ സമരനായിക’ എന്നറിയപ്പെടുന്നതും അരുണ ആസഫലിയാണ്. ഗാന്ധിജി ആണ് അവരെ ഈ പേര് വിളിച്ചതും.

അരുണയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം

അരുണയുടെ അറസ്റ്റ് സര്‍ക്കാരിന്റെ അഭിമാനപ്രശ്നമായി മാറിയപ്പോള്‍ അരുണയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ ഇനാമായി പ്രഖ്യാപിച്ചു. 1946 ജനുവരി 26 ന് അറസ്റ്റ് വാറണ്ട് പിന്‍വലിക്കുന്നതുവരെ അവര്‍ ഒളിജീവിതം തുടര്‍ന്നു.

അന്ത്യം

1996 ജൂലൈ 29 ന് അരുണ ആസഫലി നിര്യാതയായി.

പുരസ്‌കാരങ്ങള്‍

1964 ല്‍ ലെനിന്‍ സമാധാന പുരസ്‌കാരം, 1992 ല്‍ പത്മവിഭൂഷണ്‍, 1997 ല്‍ ഭാരത രത്നം എന്നിവ അരുണ ആസഫലിയ്ക്ക് ലഭിച്ചിട്ടുണ്ട്.

 

Latest News