ഇന്ത്യയുടെ അവിഭാജ്യഘടകമായി അരുണാചൽ പ്രദേശിനെ അംഗീകരിക്കുന്ന പ്രമേയം കോൺഗ്രസ് സെനറ്റോറിയൽ കമ്മിറ്റി പാസ്സാക്കി. യുഎസ് സെനറ്റർമാരായ ജെഫ് മെർക്കലി, ബിൽ ഹാഗെർട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവര്‍ വ്യാഴാഴ്ച അവതരിപ്പിച്ച പ്രമേയമാണ് കമ്മിറ്റി അംഗീകരിച്ചത്. ഇതോടെ അരുണാചൽ പ്രദേശിന്റെ വലിയൊരു ഭാഗം തങ്ങളുടെ പ്രദേശമാണെന്ന ചൈനീസ് വാദത്തിനു മങ്ങലേറ്റിരിക്കുകയാണ്.
“അരുണാചൽ പ്രദേശിനെ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഭാഗമായാണ് അമേരിക്ക വീക്ഷിക്കുന്നത്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടേത് അല്ല. അതിനാല്‍ ഈ മേഘലക്ക് ആഴത്തിലുള്ള പിന്തുണയും സഹായവും നൽകാൻ യുഎസ് പ്രതിജ്ഞാബദ്ധമാണ്” സെനറ്റർ മെർക്കലി പറഞ്ഞു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കും ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനുമിടയിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അമേരിക്ക മക്മോഹൻ രേഖയെ അംഗീകരിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്ക് മേഖലക്ക് ചൈന ഗുരുതരമായ ഭീഷണി ഉയർത്തുകയും വെല്ലുവിളിയാവുകയും ചെയ്യുന്ന സമയത്ത്, മേഖലയില്‍ ഇന്ത്യയുമായും മറ്റ് സഖ്യകക്ഷികളുമായും തോളോടുതോൾ ചേർന്നുനിൽക്കേണ്ടത് അമേരിക്കയെ സംബന്ധിച്ച് നിർണ്ണായകമാണെന്ന് സെനറ്റർ ഹാഗെർട്ടി പറഞ്ഞു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള ചൈനയുടെ ഏകപഷീയമായ നീക്കങ്ങളെ അമേരിക്ക തള്ളിക്കളയുകയാണെന്നും പ്രമേയം വ്യക്തമാക്കി.