ഉത്തര – ദക്ഷിണ കൊറിയകൾ തമ്മിലുള്ള സംഘർഷങ്ങൾ അനുദിനം വർധിക്കുകയാണ്. ഇത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ദക്ഷിണ കൊറിയ തങ്ങളുടെ തലസ്ഥാനത്തേക്ക് ഡ്രോണുകൾ പറത്തിയതായി കഴിഞ്ഞദിവസം ഉത്തര കൊറിയ വെളിപ്പെടുത്തിയിരുന്നു. നാളുകളായി ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷത്തെ ഇത് വർധിപ്പിക്കുകയാണ് ചെയ്തത്.
ഡ്രോണുകൾ പ്യോങ്യാങ്ങിനു മുകളിലൂടെ പ്രചാരണ ലഘുലേഖകൾ വിതറിയതായി ഉത്തര കൊറിയ വ്യക്തമാക്കുന്നു. സായുധസംഘട്ടനത്തിലേക്കും യുദ്ധത്തിലേക്കും നയിച്ചേക്കാവുന്ന പ്രകോപനമായാണ് ഉത്തര കൊറിയ ഇതിനെ കണക്കാക്കുന്നത്. ഈ സംഭവത്തിനുശേഷം വെടിയുതിർക്കാൻ തയ്യാറാകാൻ അതിർത്തി സൈനികരോട് ഉത്തരവിട്ടതായി പ്യോങ്യാങ് വെളിപ്പെടുത്തി.
ചൊവ്വാഴ്ച, ദക്ഷിണ കൊറിയയുമായി ബന്ധിപ്പിക്കുന്ന രണ്ട് റോഡുകളുടെ ഭാഗങ്ങൾ ഉത്തര കൊറിയ തകർത്തിരുന്നു. അടുത്ത ദിവസം, 1.4 ദശലക്ഷം ഉത്തര കൊറിയൻ യുവാക്കൾ സൈന്യത്തിൽ ചേരുന്നതിനോ, തിരികെയെത്തുന്നതിനോ അപേക്ഷിച്ചതായി അവർ പറയുന്നു. ദക്ഷിണ കൊറിയ, തന്റെ ഭരണകൂടത്തിന്റെ ഒന്നാം നമ്പർ ശത്രുവാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ജനുവരിയിൽ പ്രഖ്യാപിച്ചതിനുശേഷം സംഘർഷങ്ങൾ ഉയർന്ന തോതിലേക്ക് എത്തിയിരുന്നു.
ഉത്തര കൊറിയയിലേക്ക് ഡ്രോണുകൾ പറത്തിയതായി ദക്ഷിണ കൊറിയ തുടക്കത്തിൽ നിഷേധിച്ചെങ്കിലും പ്യോങ്യാങ്ങിന്റെ ആരോപണം സ്ഥിരീകരിക്കാനോ, നിഷേധിക്കാനോ കഴിയില്ലെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പിന്നീട് പറഞ്ഞു. ബലൂണുകൾ ഉപയോഗിച്ച് അതേ വസ്തുക്കൾ വടക്കോട്ട് അയയ്ക്കുന്ന ആക്ടിവിസ്റ്റുകളാണ് ഡ്രോണുകൾ പറത്തിയതെന്ന് പ്രാദേശിക ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഡ്രോൺ കടന്നുകയറ്റത്തെക്കുറിച്ചുള്ള ഉത്തര കൊറിയയുടെ അവകാശവാദം നിഷേധിച്ച ഫ്രീ നോർത്ത് കൊറിയ മൂവ്മെന്റ് കോളിഷൻ നേതാവ് പാർക്ക് സാങ്-ഹാക്ക്, “ഞങ്ങൾ ഉത്തര കൊറിയയിലേക്ക് ഡ്രോണുകൾ അയച്ചില്ല” എന്ന് വെളിപ്പെടുത്തി.