ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയ യുവാക്കളില്‍ പ്രധാനിയാണ് അഷ്ഫാഖുള്ള ഖാന്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ 1900 ഒക്ടോബര്‍ 22 ന് ശഫീഖുല്ലാഹ് ഖാന്റെയും മസ്ഹുറുന്നിസാ ബീഗത്തിന്റെയും നാലുമക്കളില്‍ ഇളയവനായിട്ടാണ് അഷ്ഫാഖുള്ള ഖാന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റേത് പത്താന്‍ കുടുംബമായിരുന്നു. അത് അദ്ദേഹത്തില്‍ പോരാട്ട വീര്യം ജനിപ്പിച്ചു. അമ്മയുടെ കുടുംബക്കാരാകട്ടെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ ജോലിക്കാരായിരുന്നു. വിദ്യാഭ്യാസപരമായും അവര്‍ ഏറെ മുന്നിലായിരുന്നു. അത് അദ്ദേഹത്തില്‍ കവിത്വവും വളര്‍ത്തി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ‘ബിസ്മില്‍’ എന്ന തൂലികാനാമത്തില്‍ കവിതകളെഴുതിയുരുന്ന പണ്ഡിറ്റ് ‘റാം പ്രസാദ് ബിസ്മില്‍’ ആയിരുന്നു.
കവിതകളിലൂടെ പടപൊരുതല്‍
ഉറുദു കവിതകളെ സ്നേഹിച്ചിരുന്ന അഷ്ഫാഖുള്ള ഖാന്‍, ഹസ്രത്ത് എന്ന തൂലികാനാമത്തില്‍ കവിതകളെഴുതിയിരുന്നു. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കുന്ന നയങ്ങളെ കവിതകളിലൂടെ എതിര്‍ത്തിരുന്നു അദ്ദേഹം. ‘നിങ്ങളുടെ വിഭജിച്ച് ഭരിക്കുക എന്ന നയം ഇന്ത്യയില്‍ നടപ്പിലാകില്ല. ഹിന്ദുസ്ഥാന്‍ ഞങ്ങള്‍ ഞങ്ങളുടേത് തന്നെയാക്കും’ എന്നാണ് അഷ്ഫാഖുള്ള എഴുതിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി നിലകൊണ്ട തീപ്പൊരി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ.
കകോരി തീവണ്ടിക്കൊള്ള
ഗാന്ധിജി നിസ്സഹകരണ സമരം നിര്‍ത്തിവച്ച സമയത്ത് യുവാക്കളെ ഒന്നടങ്കം അണി നിരത്തി ഒരു വിപ്ലവ പാതയോരുക്കാനായിരുന്നു അഷ്ഖലും കൂട്ടുകാരന്‍ ബിസ്മില്ലും കരുക്കള്‍ നീക്കിയത്. അതിനായി ഹിന്ദുസ്ഥാന്‍ റിപബ്ലിക്കന്‍ അസോസിയേഷന്‍ എന്നൊരു സംഘടന രൂപീകരിച്ചു. യോഗങ്ങള്‍ അരങ്ങേറി. പക്ഷെ പിന്നീട് അവര്‍ ഒരു സത്യം തിരിച്ചറിഞ്ഞു. ആയുധങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പണം തികയുന്നില്ല. ആയിടയ്ക്കാണ് അഷ്ഖല്‍ തീവണ്ടിമാര്‍ഗ്ഗം ലക്നോവിലേക്ക് ഒരു യാത്ര പോകുന്നത്. ആ യാത്രയാണ് ആ യുവാവിനു ട്രെയിന്‍കൊള്ളയെന്ന ആശയം നല്‍കിയത്. അതാണ് അദ്ദേഹത്തിന്റെ വധശിക്ഷയിലേക്ക് നയിച്ചതും. കകോരിയില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുന്ന ട്രെയിനായിരുന്നു അത്. അതില്‍ സര്‍ക്കാര്‍ ട്രഷറിവകയുള്ള പണമായിരുന്നു. ആയുധം വാങ്ങാന്‍ വെച്ചിരുന്നവ. 1925 ആഗസ്ത് ഒമ്പതിന് കകൊരിയില്‍വെച്ച് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി അഷ്ഖലും എട്ട് കൂട്ടുകാരും ചേര്‍ന്ന് അത് കൊള്ളയടിച്ചു. പക്ഷേ, മനപ്പൂര്‍വമല്ലെങ്കിലും ട്രെയിനിലെ യാത്രക്കാര്‍ കൊല്ലപ്പെട്ടു. അങ്ങനെ ബ്രിട്ടീഷുകാര്‍ ഈ യുവാക്കളെ തീവ്രവാദികളെന്ന് മുദ്രകുത്തി. അവരെല്ലാം ബ്രിട്ടീഷുകാരാല്‍ വേട്ടയാടപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തു.
ചെറുപ്രായത്തിലെ മരണം
ഡല്‍ഹിയില്‍ വെച്ച് ബ്രിട്ടീഷ് പോലീസില്‍ കുരുങ്ങുമ്പോള്‍ അഷ്ഫാഖുള്ള ഖാന്റെ പ്രായം വെറും 25 വയസ്സ്. 1927 ല്‍ ഫൈസാബാദ് ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട് രക്തസാക്ഷിയാവുമ്പോള്‍ പ്രായം 27. തൂക്കുകയറിനെ ഒന്നു ചുംബിച്ച് സത്യസാക്ഷ്യം ഉറക്കെ ചൊല്ലി അദ്ദേഹം സ്വരാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി. രണ്ടര പതിറ്റാണ്ട് കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഈ ഭൂമിയില്‍ നിന്ന് മടങ്ങുമ്പോഴേക്കും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഏടുകളില്‍ തന്റെ നാമം അഷ്ഫാഖുള്ള ഖാന്‍ കുറിച്ചു വെച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷാജഹാന്‍പൂരില്‍ അദ്ദേഹത്തിനൊരു സ്മരണകുടീരമുണ്ട്.