ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബറില്‍ നടക്കാനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതമായി മാറ്റിവെച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയായിരുന്നു ഗെയിംസ് തീരുമാനിച്ചിരുന്നത്. ഗെയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. കാരണമെന്തെന്ന് സംഘാടകര്‍ വ്യക്തിമാക്കിയിട്ടില്ല. ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഹാങ്ഷു നഗരം. കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ട ലോക് ഡൗണാണ് നഗരത്തിലുണ്ടായിരുന്നത്. നിലവില്‍ ഗെയിംസിന്റെ ഭാഗമായി 56 മത്സര വേദികള്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. ഗെയിംസ് നടത്താനായി ഒരു വൈറസ് നിയന്ത്രണ പദ്ധതിയെന്ന് സംഘാടകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
ബീജിങ്ങില്‍ ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിമ്പിക്സിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പദ്ധതി രൂപവത്കരിച്ചത്. 2019-ല്‍ വുഹാനില്‍ കോവിഡ് കണ്ടെത്തിയതിനുശേഷം ഏതാണ്ട് എല്ലാ അന്താരാഷ്ട്ര കായിക മത്സരങ്ങളും ചൈനയില്‍ നടക്കാത്ത സ്ഥിതിവിശേഷമായിരുന്നു. ബീജിങ്ങില്‍ നടന്ന ശീതകാല ഒളിമ്പിക്സ് പോലും കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷയുമനുസരിച്ചാണ് നടന്നത്.