ഏഷ്യയിലെ ഏറ്റവും വലിയ കോമ്പ്രെസ്ഡ് ബയോഗ്യസ് പ്ലാന്റിന്(സി. ബി. ജി ) തുടക്കമിട്ട് പഞ്ചാബ്. സംഗ്രൂരിലെ ലെഹ്റഗാഗയയിലാണ് ഏകദേശം 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
“സി. ബി. ജി അധിഷ്ഠിത ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനിന്റെ തുടക്കം മാത്രമാണ് സംഗ്രൂരിലെ പ്ലാന്റ്. ഇതിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും”- അദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിക്ക് പുറമേ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, വെർബിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ മുതിർന്ന മാനേജ്മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏകദേശം 20 ഏക്കര്‍ സ്ഥലത്താണ് സംഗ്രൂരിലെ സിബിജി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന്റെ പ്രതിദിന ഉത്പാദനം ഏകദേശം ആറ് ടണ്ണും. എന്നാൽ പ്രതിദിനം 300 ടൺ നെൽ വൈക്കോൽ സംസ്കരിച്ച് 10,000 ക്യുബിക് മീറ്ററിന്റെ കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് വൈക്കോൽ കത്തിക്കുന്നതിന് ആവശ്യമായ ബദൽ സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്. ഇതിന്റെ ഫലമായി അന്തരീക്ഷ മലിനികരണം കുറക്കുവാനും സാധിക്കും. സംഗ്രൂരിലെ കർഷകർക്ക് ഈ പ്ലാന്റ് അധിക വരുമാനം നേടിത്തരുകയും ചെയ്യുമെന്നും പൂരി അഭിപ്രായപ്പെട്ടു.