യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ പേരില്‍ ചായ പുറത്തിറക്കി അസമിലെ അരോമാറ്റിക് ടീ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. ഈ ചായ കമ്പനി അതിന്റെ സ്‌ട്രോങ്ങായ പുതിയ മിശ്രിതത്തിനാണ് സെലെന്‍സ്‌കിയുടെ പേര് നല്‍കിയിരിക്കുന്നത്.
റഷ്യ തന്റെ രാജ്യം ആക്രമിച്ചതുമുതല്‍ യുക്രൈനിയന്‍ പ്രസിഡന്റ് അങ്ങേയറ്റം ധൈര്യവും ശക്തിയും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരതയ്ക്ക് അംഗീകാരമായി, അരോമിക്ക ടീ കമ്പനി അവരുടെ ഏറ്റവും പുതിയ ”സ്‌ട്രോങ് അസം ബ്ലാക്ക് ടീ” അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.
‘സെലെന്‍സ്‌കി എന്ന് പേരിട്ടിരിക്കുന്ന, കടുപ്പമുള്ള ചായ, മികച്ച രീതിയില്‍ തയ്യാറാക്കിയതും പരമ്പരാഗത ചായയുടെ സ്വഭാവങ്ങളുള്ളതുമായ ചായയാണ്”. കമ്പനി ഡയറക്ടര്‍ രഞ്ജിത് ബറുവ വിശദീകരിച്ചു.
”ആസാം ചായ അതിന്റെ മനോഹരമായ സ്വാദിനും കടുപ്പമുള്ള രുചിക്കും പേരുകേട്ടതാണ്, യുക്രേനിയന്‍ പ്രസിഡന്റ് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചത് എങ്ങനെയെന്ന് കാണുമ്പോള്‍, ഈ മിശ്രിതത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് കൂടുതല്‍ അനുയോജ്യമാണെന്ന് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ നിന്ന് രക്ഷപെടുത്താമെന്ന അമേരിക്കയുടെ വാഗ്ദാനം നിരസിച്ച്, ആയുധങ്ങളാണ് ആവശ്യമെന്ന് പറഞ്ഞ സെലന്‍സ്‌കിയുടെ ധൈര്യത്തിനുള്ള ആദരമാണിതെന്നും ബര്‍വ പറഞ്ഞു. പുതിയ ഉത്പന്നം ഓണ്‍ലൈനിലൂടെയും വിപണിയില്‍ ലഭ്യമാണ്.