ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലപ്പേരുകളുടെ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി പേരുനിര്‍ദേശിക്കാമെന്നും ഉടന്‍ പോര്‍ട്ടല്‍ സജ്ജമാകുമെന്നും ബി.ജെ.പി മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ പേര് അതിന്റെ സംസ്‌കാരത്തേയും പൈതൃകത്തേയും നാഗരികതയും പ്രതിനിധീകരിക്കുന്നതാവണം. അതിനായി ജനങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം. ഏതെങ്കിലും ജാതിക്കോ മതത്തിനോ നമ്മുടെ സംസ്‌കാരത്തിനോ അപമാനകരമായ പേരുകള്‍ മാറ്റുന്നതിനായി ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി നിര്‍ദ്ദേശിക്കാം. അദ്ദേഹം ട്വീറ്റ്‌ചെയ്തു.
നിലവിലെ ചില സ്ഥലപ്പേരുകള്‍ ആളുകള്‍ക്ക് താല്‍പര്യമില്ലെന്നും കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാള്‍ സുല്‍ത്താനേറ്റിലെ ഒരു മുസ്‌ലിം ജനറലിന്റെ പേരിലാണ് ഗുവാഹത്തിയിലെ കലാഫര്‍ അറിയപ്പെടുന്നതെന്നും മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ പേര് നീക്കം ചെയ്യണമെന്നും ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ പ്രാദേശിക എം.എല്‍.എയോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലേറ്റതിന് ശേഷം രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, കായിക സമുച്ചയങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ അസമിലും നടക്കുന്നത്.