Sunday, November 24, 2024

ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍

ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍. നിയമലംഘനം നടത്തിയ 1800 പേരെയാണ് വെള്ളിയാഴ്ച മാത്രം അസം പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 4004 കേസുകളാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി തന്നെ സ്വീകരിക്കുമെന്നും യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

നിയമലംഘനം നടത്തിയവര്‍ക്കെതിരെ സംസ്ഥാനം നടപടികളെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തവരെ പോക്സോ നിയമത്തിന്റെ പരിധിയില്‍ പ്രതി ചേര്‍ത്ത് കേസെടുക്കും. 14 നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച കേസ് ശൈശവ വിവാഹ നിരോധന നിയമം 2006ന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇത്തരം വിവാഹങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കും. വിവാഹം കഴിക്കുന്ന പുരുഷന്റെ പ്രായം 14 വയസിന് താഴെയാണെങ്കില്‍ അവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് പറഞ്ഞയയ്ക്കും

അസമില്‍ നടക്കുന്ന ശരാശരി 31 ശതമാനം വിവാഹങ്ങളിലും പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. അസമില്‍ ന്യൂനപക്ഷം തിങ്ങിപ്പാര്‍ക്കുന്ന ധൂബ്രി, ബര്‍പേട്ട, നഗോണ്‍, എന്നീ മേഖലകളിലാണ് ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍.

ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടക്കുന്ന സംസ്ഥാനതല പോലീസ് നടപടി വിലയിരുത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പൊലീസ് ഡിജിപി ജിപി സിംഗിന്റെ യുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ശൈശവ വിവാഹത്തെ തുടച്ചുനീക്കാന്‍ ജനങ്ങള്‍ കൂടി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News