Tuesday, November 26, 2024

ട്രംപിന് നേരെ ഉണ്ടായ വധശ്രമം: ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വധശ്രമം ഉണ്ടായ സംഭവം പ്രാദേശിക തീവ്രവാദ പ്രവര്‍ത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരനാണ് ട്രംപിനെതിരെ വെടിയുതിര്‍ത്തത്. വെടിവയ്പ്പിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് കാരണം വ്യക്തമല്ലെന്നും അക്രമിയുടെ ഉദേശ്യം കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും എഫ്ബിഐ അറിയിച്ചു. മാത്യു ക്രൂക്‌സ് മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും എഫ്ബിഐ വ്യക്തമാക്കി.

അക്രമിയുടെ കാറില്‍ നിന്ന് സംശയകരമായ വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ ട്രംപിന്റെ ചെവിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ റാലിയില്‍ വെച്ചായിരുന്നു ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനിരുന്നത്.

ട്രംപിന് നേരെ വധശ്രമം ഉണ്ടായ സാഹചര്യത്തില്‍ പെന്‍സില്‍വാനിയ റാലിയിലെ സുരക്ഷ നടപടികളെ കുറിച്ച് അവലോകനം ചെയ്യാന്‍ ജോ ബൈഡന്‍ ഉത്തരവിട്ടു. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആക്രമണത്തിന് സ്ഥാനമില്ല. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ നിലകൊള്ളുന്ന എല്ലാത്തിനും വിരുദ്ധമാണ് ഈ കൊലപാതകശ്രമം. ഇത് അനുവദിക്കാനാവില്ലെന്നമ ബൈഡന്‍ പ്രതികരിച്ചു.

Latest News