Monday, November 25, 2024

ആത്മഹത്യ ചെയ്യാൻ നൂറിലധികം പേരെ സഹായിച്ചു: കാനഡയില്‍ ഒരാള്‍ അറസ്റ്റില്‍

നൂറിലധികം പേരെ ആത്മഹത്യ ചെയ്യാൻ സഹായിച്ചെന്ന് ആരോപിച്ച് കാനഡയില്‍ ഒരാള്‍ അറസ്റ്റില്‍. 57 കാരനായ കെന്നത്ത് ലോ എന്ന ഒന്‍റാറിയോ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാല്‍പ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേരെ ജീവനൊടുക്കാന്‍ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരെ ആരോപിക്കുന്ന കുറ്റം.

2020 മുതല്‍ കെന്നത് ലോയ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി മാരകവിഷവസ്തുക്കള്‍ വിറ്റിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 40ലധികം രാജ്യങ്ങളിലായി 1200 പാക്കേജുകളാണ് ഇയാള്‍ അയച്ചിരുന്നതായും കുറ്റപ്പത്രത്തില്‍ പറയുന്നു. ഇതില്‍ 160 പാക്കേജുകളും കാനഡയില്‍ തന്നെയായിരുന്നു വിറ്റഴിച്ചത്.

അമേരിക്ക, ഇറ്റലി ആസ്‌ട്രേലിയ, ന്യൂസിലാന്റ്, യു. കെ എന്നിവിടങ്ങളിലും കെന്നത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടുണ്ട്​. യു.കെയില്‍മാത്രം 272 പേര്‍ ഉത്പന്നങ്ങള്‍ വങ്ങുകയും അതില്‍ 88പേര്‍ കൊല്ലപ്പെട്ടതായും യു.കെ നാഷണല്‍ ക്രൈം ഏജന്‍സി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന്​ കെന്നത്ത് ലോ പ്രതികരിച്ചു. തന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ആളുകള്‍ ചെയ്യുന്ന കാര്യത്തിന് താന്‍ ഉത്തരവാദിയല്ലെന്നാണ് കെന്നത്തിന്‍റെ അവകാശവാദം.

Latest News