ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് 155 ദിവസം ബഹിരാകാശത്ത് പിന്നിടുമ്പോൾ ഗണ്യമായ രീതിയിൽ ഭാരം കുറഞ്ഞതായി വാർത്തകൾ പുറത്തുവരുന്നു. 59 കാരിയായ സുനിതാ വില്യംസിന്റെ ഒട്ടിയ കവിളുകളും മെലിഞ്ഞ ശരീരവുമുള്ള ചിത്രങ്ങളാണ് പുതുതായി പുറത്തുവന്ന ഫോട്ടോകളിൽ ദൃശ്യമാകുന്നത്.
“അവരിൽനിന്ന് പൗണ്ടുകളോളം ഭാരം ഉരുകിപ്പോയി. നിലവിൽ ചർമവും എല്ലുകളും മാത്രമുള്ളതുപോലെയാണ് അവർ കാണപ്പെടുന്നത്. അതിനാൽ ശരീരഭാരം സ്ഥിരപ്പെടുത്താനും അത് തിരിച്ചുപിടിക്കാനും അവരെ സഹായിക്കുന്നതിന് മുൻഗണന നൽകണം” – ദൗത്യത്തിൽ നേരിട്ടു പങ്കാളിയായ നാസ ജീവനക്കാരൻ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് ഉദ്ധരിച്ചു.
ബഹിരാകാശ യാത്രികർ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെക്കാൾ ഓരോ ദിവസവും ആവശ്യമുള്ളതിന്റെ ഇരട്ടി കലോറിയാണ് കഴിക്കുന്നത്. ശരീരഭാരം കൂട്ടാൻ, വില്യംസിന് പ്രതിദിനം 5,000 കലോറി വരെ കഴിക്കേണ്ടതുണ്ട്. “അവരുടെ നിലവിലെ ഭാരം നിലനിർത്താൻ അവർ പ്രതിദിനം 3,500 മുതൽ 4,000 കലോറി വരെ കഴിക്കണം” – നാസ ജീവനക്കാരൻ പറഞ്ഞു.
വില്യംസും സഹ ബഹിരാകാശസഞ്ചാരി ബാരി വിൽമോറും എട്ടു ദിവസത്തേക്കു മാത്രമായാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കു പോയത്. എന്നാൽ, ബോയിംഗ് സ്റ്റാർലൈനറിലെ സാങ്കേതിക തകരാറുകൾ അവരെ ബഹിരാകാശത്തു തന്നെ താമസിക്കാൻ നിർബന്ധിതരാക്കി.
ഭൂമിയിലെ ഒരു ശരാശരി സ്ത്രീക്ക് അവരുടെ ഭാരം നിലനിർത്താൻ ഏകദേശം 1,600 മുതൽ 2,400 കലോറി വരെ ആവശ്യമാണ്. ഉയർന്ന കലോറി ഉപഭോഗത്തിനുപുറമെ, സീറോ-ജി പരിതസ്ഥിതിയിൽ പേശികളുടെ പിണ്ഡവും അസ്ഥികളുടെ സാന്ദ്രതയും നിലനിർത്താനും കൂടുതൽ കലോറി കത്തിക്കാനും അവർ ദിവസവും രണ്ടു മണിക്കൂറിലധികം വ്യായാമം ചെയ്യണം.
റിപ്പോർട്ടനുസരിച്ച്, നാസയിലെ ഡോക്ടർമാർ വില്യംസിന്റെ ആരോഗ്യത്തെക്കുറിച്ച് ആഗോളതലത്തിൽ ആശങ്ക പങ്കുവയ്ക്കാൻ തുടങ്ങുന്നതിനും ഒരു മാസം മുൻപുതന്നെ ഗൗരവതരമായി ചിന്തിക്കാൻ തുടങ്ങി. നാസയുടെ നിരവധി പഠനങ്ങൾ, ബഹിരാകാശ യാത്രകൾ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണിക്കുന്നു. 2023 ലെ ഒരു പഠനത്തിൽ, സ്ത്രീ ബഹിരാകാശയാത്രികർക്ക് പുരുഷയാത്രികരെ അപേക്ഷിച്ച് വേഗത്തിൽ പേശികൾ നഷ്ടപ്പെടുന്നതായി കണ്ടെത്തി.