Friday, February 7, 2025

ഒൻപതാമത്തെ ബഹിരാകാശ നടത്തത്തിൽ നിന്നുള്ള ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ‘അൾട്ടിമേറ്റ് സെൽഫി’

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഉള്ള നാസ ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ സെൽഫി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട് നാസ. ജനുവരി 30 ന് പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ ഉയരത്തിൽ ഐ‌ എസ്‌ എസ്  ഭ്രമണപഥത്തിലെത്തിയപ്പോൾ, ഒൻപതാമത്തെ ബഹിരാകാശ നടത്തത്തിനിടെ എടുത്ത ഫോട്ടോയാണ് നാസ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ചിത്രത്തിൽ സുനിത വില്യംസിന്റെ സ്‌പേസ് സ്യൂട്ട് ഹെൽമെറ്റിന്റെ വിസറിൽ അവരുടെ പ്രതിഫലനം കാണാം. ഐ‌ എസ്‌ എസിന്റെ ഒരു ഭാഗവും ദൃശ്യമാണ്. ഇടതുവശത്ത് ബഹിരാകാശത്തിന്റെ ഇരുട്ടും പസഫിക് സമുദ്രത്തിന്റെ ആഴത്തിലുള്ള നീലവിസ്തൃതിയും കാണപ്പെടുന്നു. അവരുടെ ഹെൽമെറ്റിനു ചുറ്റും, അവരുടെ സ്‌പേസ് സ്യൂട്ടിന്റെ ഭാഗങ്ങളും സ്റ്റേഷന്റെ ഘടനയും കാണാം.
ഇന്റർനെറ്റ് അദ്ഭുതത്തിലാണ്.

തന്റെ ഒമ്പതാമത്തെ ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശ യാത്രികൻ ബുച്ച് വിൽമോറും 5.5 മണിക്കൂർ സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങി ഐ‌ എസ്‌ എസിനു പുറത്തുനിന്ന് ഹാർഡ്‌വെയർ നീക്കം ചെയ്തു. ശാസ്ത്രീയ വിശകലനത്തിനായി അവർ ലൈഫ് സപ്പോർട്ട് സിസ്റ്റം വെന്റുകൾക്ക് സമീപമുള്ള ഉപരിതലവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു. ഐ‌ എസ്‌ എസ്  സൂക്ഷ്മാണുക്കളെ പുറത്തുവിടുന്നുണ്ടോ, അവ എത്ര ദൂരം സഞ്ചരിക്കുന്നു, ബഹിരാകാശത്ത് അവയ്ക്ക് അതിജീവിക്കാനും പുനരുൽപദിപ്പിക്കാനും കഴിയുമോ എന്ന് നിർണ്ണയിക്കാൻ ഗവേഷകർ ഈ സാമ്പിളുകൾ പഠിക്കും. ഇത് ഭാവിയിലെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങൾക്ക് അത്യാവശ്യമായ ഒരു ഉൾക്കാഴ്ച നൽകുമെന്നാണ് കരുതുന്നത്.

അതോടൊപ്പം തന്നെ നാസയുടെ മുൻ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണിന്റെ ആകെ ബഹിരാകാശ നടത്ത സമയത്തിന്റെ റെക്കോർഡ് മറികടന്നുകൊണ്ട് സുനിത വില്യംസ് ചരിത്രം സൃഷ്ടിച്ചു. ഐ‌ എസ്‌ എസിനു പുറത്ത് ആകെ 62 മണിക്കൂറും 6 മിനിറ്റും ചെലവഴിച്ചുകൊണ്ട്, നാസയുടെ എക്കാലത്തെയും മികച്ച ബഹിരാകാശ യാത്രികരുടെ പട്ടികയിൽ അവർ ഇപ്പോൾ നാലാം സ്ഥാനത്താണ്.

എട്ടു ദിവസത്തെ ദൗത്യത്തിനായി ആദ്യം നിശ്ചയിച്ചിരുന്ന മിസ് വില്യംസും മിസ്റ്റർ വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനറിലെ സാങ്കേതികപ്രശ്‌നങ്ങൾ കാരണം 2024 ജൂൺ മുതൽ ഐ‌ എസ്‌ എസിൽ കുടുങ്ങിക്കിടക്കുകയാണ്. എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഫെബ്രുവരിയിൽ അവരെ നാട്ടിലേക്കു കൊണ്ടുവരുമെന്ന് നാസ പ്രഖ്യാപിച്ചെങ്കിലും സ്പേസ് എക്സിന്റെ വിക്ഷേപണം പരാജയപ്പെട്ടതിനാൽ തിരിച്ചുവരവ് വൈകി. ഏകദേശം 300 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിനുശേഷം 2025 മാർച്ചിൽ ക്രൂ 9 ദൗത്യത്തിൽ ബഹിരാകാശ യാത്രികർ തിരിച്ചെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News