ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനം കണ്ടെത്തി ശാസ്ത്രജ്ഞർ. ‘എടി2021എൽഡബ്ല്യുഎക്സ്’ എന്നു പേരിട്ടിരിക്കുന്ന വിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുമുണ്ട് ഇതിന്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി, ഹവായിയിലെ അറ്റ്ലസ് എന്നീ പ്രപഞ്ചനിരീക്ഷണ കേന്ദ്രങ്ങളിൽ ആണ് ആദ്യം ഇത് കണ്ടെത്തിയത്.
എന്നാൽ ഒരു വർഷത്തിനുശേഷമാണ് ജ്യോതിശാസ്ത്രജ്ഞർ ഡാറ്റയിലൂടെ ഇത് സ്ഥിരീകരിച്ചത്. ഈ സ്ഫോടനം ഏതാണ്ട് മൂന്നു വർഷത്തോളം നീണ്ടു നിന്നതായി ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നു. ഇത്ര തീവ്രമായ ഒരു പൊട്ടിത്തെറി മുൻപു കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതിലും പ്രകാശമാനമായ ഒരു പൊട്ടിത്തെറി കണ്ടെത്തിയിരുന്നു. എന്നാൽ, പത്ത് മണിക്കൂർ നേരം മാത്രമേ ഇത് നീണ്ടു നിന്നിരുന്നുള്ളു.
ഒരു തമോഗർത്തം ഒരു വലിയ വാതക മേഘത്തെ വിഴുങ്ങിയതാണ് ഇത്രയും തീവ്രമായ സ്ഫോടനത്തിന് കാരണമായതെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. 800 കോടി പ്രകാശവർഷമകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. അതായത് 800 കോടി വർഷം മുൻപായിരുന്നു സ്ഫോടനം. അന്ന് പ്രപഞ്ചം രൂപംകൊണ്ടിട്ട് 600 കോടി വർഷമേ ആയിരുന്നുള്ളൂ എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.