Monday, April 7, 2025

സുഡാനിലെ ഡാര്‍ഫൂര്‍ മേഖലയിലെ പോരാട്ടത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സുഡാനിലെ യുദ്ധബാധിതമായ ഡാര്‍ഫൂര്‍ മേഖലയില്‍ അറബികളും അല്ലാത്തവരും തമ്മിലുള്ള പോരാട്ടത്തില്‍ 168 പേര്‍ കൊല്ലപ്പെട്ടതായി സുഡാനിലെ ഒരു സഹായ സംഘം അറിയിച്ചു. വെസ്റ്റ് ഡാര്‍ഫൂര്‍ പ്രവിശ്യയിലെ ക്രെയ്‌നിക് മേഖലയില്‍ നടന്ന പോരാട്ടത്തില്‍ 98 പേര്‍ക്ക് പരിക്കേറ്റതായി ഡാര്‍ഫറിലെ അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ജനറല്‍ കോര്‍ഡിനേഷന്‍ വക്താവ് ആദം റീഗല്‍ ഞായറാഴ്ച പറഞ്ഞു.

വെസ്റ്റ് ഡാര്‍ഫറിന്റെ പ്രവിശ്യാ തലസ്ഥാനമായ ജെനേനയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് ക്രെയ്നിക്കില്‍ വ്യാഴാഴ്ച അജ്ഞാതനായ ഒരു അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലുകള്‍ പിന്നീട് ജെനേനയില്‍ എത്തി. അവിടെ സായുധ സംഘങ്ങള്‍ നഗരത്തിലെ പ്രധാന ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവരെ ആക്രമിച്ചതായി ആശുപത്രിയിലെ ഡോക്ടറും മുന്‍ മെഡിക്കല്‍ ഡയറക്ടറുമായ സലാഹ് സാലിഹ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് സുരക്ഷിതമായി എത്തിക്കണമെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ജന്‍ജാവീദ് എന്നറിയപ്പെടുന്ന സര്‍ക്കാര്‍ പിന്തുണയുള്ള മിലിഷ്യയാണ് ഏറ്റവും പുതിയ ആക്രമണങ്ങള്‍ സംഘടിപ്പിച്ചതെന്ന് ഞായറാഴ്ച സഹായ സംഘം ആരോപിച്ചു. ഈ അറബ് സായുധ സംഘം 2000 ങ്ങളുടെ തുടക്കത്തില്‍ ഡാര്‍ഫറിലെ ഒരു വംശീയ ന്യൂനപക്ഷ കലാപത്തെ അടിച്ചമര്‍ത്തുന്നതിലൂടെയാണ് കുപ്രസിദ്ധി നേടിയത്.

പിന്നീട് ഈ സംഘത്തെ സുഡാനിലെ ഡെപ്യൂട്ടി ലീഡറായ ജനറല്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയുടെ നേതൃത്വത്തില്‍ അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ചകളിലെല്ലാം സായുധ സംഘം കൊലപാതകങ്ങള്‍, കത്തിക്കല്‍, കൊള്ളകള്‍, ദയയില്ലാതെ പീഡിപ്പിക്കല്‍ എന്നിവ നടത്തിയിരുന്നു.

സുഡാനിലെ ഡാര്‍ഫൂര്‍ മേഖലയില്‍ സമീപ മാസങ്ങളില്‍ എതിരാളികളായ ഗോത്രങ്ങള്‍ തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലുകളും നടന്നു. സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഉന്നത ജനറല്‍മാര്‍ അട്ടിമറിച്ചതിനെത്തുടര്‍ന്ന് രാജ്യം ഒരു വലിയ പ്രതിസന്ധിയില്‍ മുങ്ങിയിരിക്കുകയാണ്.

 

 

Latest News